കൊല്ലം: കൊല്ലം ബൈപാസ് സംബന്ധിച്ച് പ്രേമചന്ദ്രന് എംപിയുടെ ഏറ്റവും വലിയ സംഭാവന വിവാദം മാത്രമെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. കൊല്ലത്തിന്റെ ചിരകാല സ്വപ്നമായിരുന്ന ബൈപാസ് യാഥാര്‍ഥ്യമാകുമ്പോള്‍ അതിന്റെ ചരിത്രം കൂടി തിരിച്ചറിയേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. നഗരത്തിന്റെ തിരക്കില്‍ നിന്ന് മാറിയുള്ള യാത്ര ഉറപ്പാക്കുന്നതിനായി വിഭാവനം ചെയ്ത ബൈപാസിന്റെ നാള്വഴികള്ക്കുള്ള പ്രാധാന്യം കുറച്ചു കാണാനാകില്ല.
1972ല്‍ ബൈപ്പാസിന് സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചെങ്കിലും 1987ല്‍ അധികാരത്തില്‍ വന്ന ഇടതു മുന്നണി സര്‍ക്കാരാണ് വില കൊടുത്ത് ഭൂമി വാങ്ങുന്നതിനുള്ള തീരുമാനം കൈക്കൊണ്ടത്. 1989-90 കളില്‍ അതു നടപ്പിലാക്കി. അന്ന് കുണ്ടറ എംഎല്‍എ ആയിരുന്ന തന്നെയാണ് കാര്‍ത്തികേയ പണിക്കരടക്കമുള്ളവര്‍ ഏറ്റെടുത്ത ഭൂമിക്ക് വില ലഭ്യമാക്കണം എന്ന ആവശ്യവുമായി സമീപിച്ചത്.
തുടര്‍ന്ന് മന്ത്രിസഭ ചര്‍ച്ച നടത്തി ഭൂമി വില നല്‍കാനുള്ള തീരുമാനമെടുക്കുകയായിരുന്നു. അന്നത്തെ ദീര്‍ഘദര്‍ശികളായ നേതാക്കന്മാരുടെ സമ്മര്‍ദത്തിന്റെ ഫലമായിട്ടാണ് 1989-90 ഭൂമി ഏറ്റെടുക്കാന്‍ തീരുമാനമായത്. 1996ല്‍ അധികാരത്തില്‍ വന്ന ഇടതു സര്‍ക്കാരാണ് ഒന്നാം ഘട്ട നടപടികള്‍ ആരംഭിച്ചത്. കഴിഞ്ഞ രണ്ടര വര്‍ഷ കാലയളവില്‍ ഒട്ടേറെ പ്രതിബന്ധങ്ങളെ അതിജീവിച്ച് നിരന്തരം നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് റെക്കോര്‍ഡ് വേഗത്തില്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത്.
പ്രകൃതി ക്ഷോഭവും പ്രളയവും കാരണം ആറുമാസവും കൊട്ടാരക്കര സെന്‍ട്രല്‍ സ്കൂള്‍ ഹെഡ് മിസ്ട്രസിന്റെ ഇടപെടല്‍ വഴി മണ്ണെടുക്കാന്‍ കഴിയാതെ ആറുമാസവും കാത്തിരിക്കേണ്ടി വന്നു. 1972 മുതല്‍ ഇന്നു വരെയുള്ള ജനപ്രതിനിധികളുടെ പങ്ക് വിസ്മരിക്കാവുന്നതല്ല. എം.പിമാരായ എസ്. കൃഷ്ണകുമാര്‍, എന്‍. പീതാംബരക്കുറുപ്പ്, പി. രാജേന്ദ്രന് എന്നിവരുടെയെല്ലാം ശ്രമം ഇക്കാര്യത്തിലുണ്ടായി.
റോഡ് ഉദ്ഘാടനം ചെയ്യാന്‍ കാലതാമസം വരുത്തിയെന്ന് എന്‍. കെ. പ്രേമചന്ദ്രന് എപി. വിവാദമുണ്ടാക്കി. പദ്ധതി നീട്ടിക്കൊണ്ടു പോയി എന്ന ആരോപണത്തില്‍ യാതൊരു കഴമ്പുമില്ല. അസത്യപ്രചാരണം നടത്തി എന്ന യാഥാര്‍ഥ്യമാണ് എല്ലാവരും തിരിച്ചറിയേണ്ടതെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.