തിരുവനന്തപുരം: കൊല്ലം ബൈപാസ് ഉദ്ഘാടനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും. 15 നു വൈകുന്നേരം 5.30 നാണ് ബൈപാസ് ഗതാഗതത്തിനു തുറന്നു കൊടുക്കുന്നതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി അറിയിച്ചു.
പ്രധാനമന്ത്രിയുടെ സന്ദർശനം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പു ലഭിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസും സ്ഥിരീകരിച്ചു.പ്രധാനമന്ത്രിയുടെ സുരക്ഷാ ക്രമീകരണം ഒരുക്കണമെന്നഭ്യർഥിച്ച് എസ്പിജി ഡിജിയുടെ സന്ദേശം സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസിനു കഴിഞ്ഞ ദിവസം ലഭിച്ചു.
ബൈപാ സിന്റെ അവസാന ജോലികൾ വേഗത്തിലാക്കാൻ പൊതുമരാമത്തു വകുപ്പു നിർദേശം നൽകിയിട്ടുണ്ട്. 15നകം ഇലക്ട്രിക്കൽ ജോലികൾ ഒഴികെയുള്ളവ പൂർത്തിയാക്കാൻ കഴിയുമെന്നാണു ദേശീയപാതാ അഥോറിറ്റി പ്രതീക്ഷിക്കുന്നത്. കൊല്ലം പീരങ്കി മൈതാനത്ത് വൈകുന്നേരം നാലിന് ബിജെപി റാലിയെയും അഭിസംബോധന ചെയ്യുന്നുണ്ട്.
കൊല്ലം, മാവേലിക്കര, ആലപ്പുഴ പാർലമെന്റ് മണ്ഡലങ്ങളിൽനിന്നുള്ളവരാണ് അവിടെ എത്തുക. കൊല്ലത്തിനു പുറമേ മാവേലിക്കര, ആലപ്പുഴ മണ്ഡലങ്ങളിൽനിന്നുള്ള പ്രവർത്തകരും എത്തും. തെരഞ്ഞെടുപ്പ് പ്രചാരണത്തുടക്കമെന്ന നിലയിൽ ശക്തിപ്രകടനമാണ് ബിജെപി നേതൃത്വം ലക്ഷ്യമിടുന്നത്.
പ്രധാനമന്ത്രി നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനങ്ങൾ നടത്തിയേക്കുമെന്നും ബിജെപി സംസ്ഥാന നേതാക്കൾ പ്രതീക്ഷിക്കുന്നു. 27ന് തൃശൂരിൽ യുവമോർച്ച സംസ്ഥാന സമ്മേളന റാലിയെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം തിരുവനന്തപുരത്തും പത്തനംതിട്ടയിലുമടക്കം രണ്ടോ മൂന്നോ തെരഞ്ഞെടുപ്പ് റാലികളിൽപ്രധാനമന്ത്രി പങ്കെടുത്തേക്കും.