കൊല്ലം: ബൈപ്പാസിൽ ടോൾ പിരിവ് തുടങ്ങാൻ ശ്രമം നടന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് മാറ്റിവച്ചു. ഡി വൈ എഫ് ഐ യും കോൺഗ്രസും പ്രതിഷേധവുമായി ടോൾ പ്ലാസയിലെത്തി ടോൾ പിരിവ് നീക്കം തടയുകയായിരുന്നു.
25 രൂപ മുതൽ 150 വരെയാണ് ടോൾ. ടോൾ പ്ലാസ ജീവനക്കാരെ തടയാൻ ശ്രമിച്ച ഡി വൈ എഫ് ഐ പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റ മുണ്ടായി. നാലു മാസം മുമ്പ് ടോൾ പിരിയ്ക്കാൻ ശ്രമമുണ്ടായെങ്കിലും പ്രതിഷേധത്തെ തുടർന്ന് മാറ്റി വയ്ക്കുകയായിരുന്നു.
അന്ന് ജില്ലാ ഭരണകൂടം ഇടപെട്ട് ടോൾ പിരിവ് തടയുകയായിരുന്നു. ബൈപ്പാസ് രണ്ടാം ഘട്ടത്തിന്റെ നിർമാണ ചെലവ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ തുല്യമായാണ് വഹിച്ചത്.
ഇതിനെ തുടർന്നാണ് ടോൾ പിരിവ് നടത്താൻകേന്ദ്ര സർക്കാർ തീരുമാനിച്ചത്.ടോൾ പിരിവിന് സംസ്ഥാന സർക്കാരിന്റെ അനുമതി വേണ്ടെന്നാണ് ദേശീയ പാത അഥോറിറ്റിയുടെ നിലപാട്.
പ്രതിഷേധം ശക്തമായ തോടെ ഇന്ന് തുടങ്ങാനിരുന്ന ടോൾ മാറ്റി. നാളെ ബന്ധപ്പെട്ടവരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് തീരുമാനമെടുത്തശേഷമായിരിക്കും ടോൾ പിരിവ് തുടങ്ങുക.