കൊല്ലം: ലോകസഭാ തെരഞ്ഞെടുപ്പിൽ നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികളും മുന്നണികളും വിജയപ്രതീക്ഷയിൽ. കൊല്ലത്ത് ജനമനസുകൾ കീഴടക്കി ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രൻ ബഹുദൂരം മുന്നിലെന്ന് നേതാക്കളും പ്രവർത്തകരുംഅവകാശപ്പെടുന്നു. ഏറ്റവും ജനകീയനായ എംപി എന്ന് സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയരംഗത്തെ പ്രമുഖർ വിശേഷിപ്പിച്ച എൻ.കെ. പ്രേമചന്ദ്രന് മണ്ഡലത്തിലുടനീളം വൻവരവേൽപ്പാണ് ജനങ്ങൾ നൽകിയത്.
കശുവണ്ടി, തോട്ടം, മത്സ്യ, കയർ, കാർഷിക മേകലകളിലെ തൊഴിലാളികളും കൃഷിക്കാരും സാധാരണക്കാരുമുൾപ്പെടെ എല്ലാ മേഖലകളിലുമുള്ളവർ പ്രേമചന്ദ്രനൊപ്പം നിലയുറപ്പിച്ചിരിക്കുന്നതാണ് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന്റെ അവസാനഘട്ടത്തിൽ കാണാൻ കഴിഞ്ഞത്.
കൊല്ലം ബൈപ്പാസ് പൂർത്തീകരണം, പുനലൂർ-ചെങ്കോട്ട ഗേജ്മാറ്റം പൂർത്തിയാക്കി ട്രെയിൻ സർവീസ് തുടങ്ങിയത്, കൊല്ലം റെയിൽവേ സ്റ്റേഷന് രണ്ടാം പ്രവേശനകവാടം, പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിന് അംഗീകാരം, ആശ്രാമം ഇഎസ്ഐ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയുടെ വികസനം, കേന്ദ്രീയ വിദ്യാലയത്തിനു ബഹുനില കെട്ടിടസമപുച്ചയം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വികസനനേട്ടങ്ങളുമായാണ് ഇക്കുറി പ്രേമചന്ദ്രൻ ജനങ്ങളെ സമീപിച്ചത്. ജനങ്ങൾ ഉന്നയിച്ച ഓരോ ആവശ്യങ്ങളും കണ്ടറിഞ്ഞ് നിറവേറ്റിയതാണ് ഇത്രയും വലിയ സ്വീകാര്യതയ്ക്കമെന്നും നേതാക്കൾ പറഞ്ഞു.
എൽഡിഎഫ് സ്ഥാനാർഥി കെ.എൻ. ബാലഗോപാൽ നല്ല ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന പ്രതീക്ഷയിലാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ പോലെ ഏഴു അസംബ്ലി മണ്ഡലങ്ങളിലും എൽഡിഎഫിന് ജനങ്ങൾ ഭൂരിപക്ഷം നൽകുമെന്നാണ് കരുതുന്നത്. കേന്ദ്രത്തിലെ ജനവിരുദ്ധ മോദി സർക്കാരിന്റേയും സംസ്ഥാനത്തെ ജനപക്ഷ എൽഡിഎഫ് സർക്കാരിന്റേയും കോൺഗ്രസ് നയിച്ച മുൻ ഭരണങ്ങളുടെയും അനുഭങ്ങളിൽ നിന്നും വോട്ടർമാർ തീരുമാനം എടുക്കും. അതുകൊണ്ട് തന്നെ ഇവിടുത്തെ ജനവികാരം എൽഡിഎഫിന് അനുകൂലമാണെന്ന് കരുതുന്നു.
കശുവണ്ടി ഉൾപ്പടെയുള്ള വ്യവസായങ്ങളുടെ സംരക്ഷണത്തിനും സാമൂഹ്യ ക്ഷേമ നടപടികൾ മുന്നോട്ട് കൊണ്ടുപോകാനും വർഗീയതയെ ചെറുക്കനും എൽഡിഎഫിന്റെ വിജയം അനിവാര്യമാണെന്ന് വിലയിരുത്തുന്നു. മത നിരപേക്ഷ ഇന്ത്യയുടെ നിലനിൽപിന് തീവ്ര ഹിന്ദുത്വ നയവും നടപടികളും നടപ്പാക്കുന്ന ആർഎസ്എസ് നയിക്കുന്ന ബിജെപി തോൽക്കണം.
അതിനൊപ്പം കേന്ദ്രത്തിൽ മത നിരപേക്ഷ ജനപക്ഷ സർക്കാർ അധികാരത്തിൽ വരണം . അതിന് ഇടതുപക്ഷ ശക്തി പാർലമെന്റിൽ വർധിപ്പിക്കേണ്ടതാണെന്നും നേതാക്കൾ പറയുന്നു.പരാജയത്തിന്റെ ഭീതിയിൽ കള്ളക്കഥകൾ പ്രചരിപ്പിക്കുയും ജനങ്ങളിൽ ആശയകുഴപ്പം സൃഷ്ടിക്കുകയും പുകമറ സൃഷ്ടിക്കുകയും ചെയ്യുകയാണ് യുഡിഎഫ്. വ്യക്തി ശുദ്ധിയിലും പാർലമെന്ററി മികവിലും താരതമ്യമില്ലാത്ത ബാലഗോപാലിന്റെ വിജയം ഈ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുമെന്നും നേതാക്കൾ പറഞ്ഞു.
മോദിസര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായി കൊല്ലത്തെ വോട്ടര്‍മാര്‍ വിധിയെഴുതുമെന്ന് എൻഡിഎ ചെയർമാൻ ജി ഗോപിനാഥ് കൺവീനർ കെ.സോമരാജൻ എന്നിവർ അഭിപ്രായപ്പെട്ടു..മണ്ഡലത്തില്‍ തങ്ങൾക്ക് വലിയ മുന്നേറ്റമുണ്ടാകും എന്നാണ് എന്‍ഡിഎയുടെ വിലയിരുത്തല്‍. പ്രചരണരംഗത്ത് എന്‍ഡിഎയ്ക്കും സ്ഥാനാര്‍ഥിക്കുമെതിരെ ഇടതുവലതുമുന്നണികള് ഉയര്‍ത്തിയ അപവാദപ്രചരണത്തിന് ജനങ്ങള്‍ മറുപടി നല്‍കും.
മണ്ഡലത്തിലെ ജനങ്ങള്‍ക്ക് കണ്ടും തൊട്ടും അറിയാന്‍ സാധിച്ചിട്ടുണ്ട്. മോദിസര്‍ക്കാരിന്റെ വികസന ജനക്ഷേമപ്രവര്‍ത്തനങ്ങള്‍. അവരുടെ കണ്മുന്നിലുണ്ട് അതെല്ലാം.ദുരന്തത്തിലും ദുരിതത്തിലും ജനങ്ങള്‍ക്ക് തലോടലും താങ്ങുമായി എത്തിയ പ്രധാനമന്ത്രിയുടെ പ്രതിനിധിയായാണ് കെ.വി. സാബു രംഗത്തുള്ളതെന്ന് ജനങ്ങള്‍ക്കറിയാം. അവരുടെ പിന്തുണ എന്‍ഡിഎയ്ക്കൊപ്പമാണെന്നും അവർ പറഞ്ഞു.