കൊല്ലം: മരംമുറി വിവാദത്തെ തുടര്‍ന്ന് രാജി വച്ച കോര്പ്പറേഷന് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ എസ് ജയന് പകരം പാര്‍ട്ടി നിയോഗിച്ച പി.ജെ രാജേന്ദ്രന് സ്ഥിരംസമിതി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനാകില്ല.
എസ് ജയന് നേരത്തെ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവച്ചെങ്കിലും ആരോഗ്യ സ്ഥിരംസമിതിയില്‍ നിന്ന് രാജി നല്‍കിയത് മൂന്ന് ദിവസം മുമ്പാണ്. ഇതിനകം തന്നെ അധ്യക്ഷന്‍ രാജിവച്ച ഒഴിവിലേയ്ക്ക് തെരഞ്ഞെടുപ്പ് നടത്താന്‍ റിട്ടേണിംഗ് ഓഫീസറായ എഡിഎമ്മിന് തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കുകയും ഇന്ന് തെരഞ്ഞെടുപ്പ് നടത്താന്‍ നോട്ടീസ് നല്‍കുകയും ചെയ്തു.
വികസന സ്ഥിരം സമിതിയില്‍ അംഗമായിരുന്ന രാജേന്ദ്രനെ അവിടെ നിന്ന് രാജിവയ്പ്പിച്ച് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിയിലേയ്ക്ക് കൊണ്ടുവരാനായിരുന്നു സിപിഎം ഉദ്ദേശിച്ചത്. എന്നാല്‍ ആരോഗ്യ സ്ഥിരംസമിതിയിലേയ്ക്ക് രാജേന്ദ്രനെ തിരഞ്ഞെടുക്കും മുമ്പ് ചെയര്മാന് സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കാനുള്ള വിജ്ഞാപനം പുറത്തുവന്നതാണ് സിപിഎമ്മിന് കുരുക്കായത്.
ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷമുണ്ടെങ്കിലും പാര്‍ട്ടി തീരുമാനിച്ചയാള്‍ ചെയര്‍മാനാകില്ലെന്ന് ഉറപ്പായി. പകരം തിരഞ്ഞെടുക്കുന്നയാളെ രാജി വയ്പിച്ച ശേഷം പിന്നീട് രാജേന്ദ്രനെ കൊണ്ടുവരിക എന്നത് മാത്രമാണ് പോംവഴി. എസ് ജയന്റെ അഭാവത്തിലും എല്‍ഡിഎഫിന് നാലും യുഡിഎഫിന് രണ്ടും അംഗങ്ങളാണ് ആരോഗ്യസ്ഥിരംസമിതിയിലുള്ളത്. ബലാബലം തുല്യമായിരുന്നെങ്കില്‍ പ്രശ്നം കൂടുതല്‍ വഷളായേനെ.
നിലവില്‍ എസ് ജയന്, എന്‍ മോഹനന്, സരിത എസ്, ആനേപ്പില്‍ ഡോ. സുജിത്, ബേബി സേവ്യര്‍, ശാന്തിനി ശുഭദേവന്, എംഎസ് ഗോപകുമാര്‍ എന്നിവരാണ് സ്ഥിരംസമിതി അംഗങ്ങള്‍. ഇതില്‍ എംഎസ് ഗോപകുമാറും ശാന്തിനി ശുഭദേവനും യുഡിഎഫ് അംഗങ്ങളാണ്.