വർഗീസ് എം.കൊച്ചുപറമ്പിൽ
ചവറ: പുരുഷന്മാര് അംഗനമാരാവുന്ന ചവറ കൊറ്റൻകുളങ്ങര ചമയവിളക്ക് നയന മനോഹരമായി. ആയിരങ്ങളാണ് വിളക്കെടുക്കാന്‍ രണ്ടു ദിവസത്തിലായി ഇവിടെയെത്തി ചേരുന്നത്. ചിരിയിലും നോട്ടത്തിലും നടത്തത്തിലുമെല്ലാം യഥാര്‍ഥ നാരിമാർ പോലും ഒന്നു മാറി നില്ക്കും.
അഭീഷ്ട സിദ്ധിക്കായാണ് പുരുഷന്മാര് സ്ത്രീ വേഷം കെട്ടുന്നത്. ആണിൽ പ്രായ വ്യത്യാസമില്ലാതെ വ്രതശുദ്ധിയോടെയാണ് കാര്യസിദ്ധിക്കായി വിളക്കെടുക്കാൻ പുരുഷാംഗനമാർ എത്തിയത്.
കണ്ണെഴുതി പൊട്ട് തൊട്ട് മുല്ലപ്പൂ ചൂടി കേരളീയ വേഷം ധരിച്ചാണ് ഭൂരിഭാഗം പേരും ഭക്തിപൂർവം വിളക്കെടുക്കാൻ എത്തിയത്. പതിവ് പോലെ ഇത്തവണയും ക്ഷേത്രപരിസരങ്ങളിലെ കടകളിലും വീടുകൾ കേന്ദ്രീകരിച്ചും താൽക്കാലിക മേക്കപ്പ് ശാലകളും സ്റ്റുഡിയോകളും ഉയർന്നിരുന്നു.
ഇന്നലെ രാവിലെ മുതൽ പല ദേശങ്ങളിൽ നിന്നായി നൂറ് കണക്കിന് ഭക്തരാണ് ക്ഷേത്രപരിസരങ്ങളിലെ വീടുകളിലും ലോഡ്ജുകളിലുമായി എത്തിയത്. രാത്രി ഒമ്പതരയോടെ ക്ഷേത്രപരിസരം പുരുഷാംഗനമാരെക്കൊണ്ട് നിറഞ്ഞു. വേഷപകർച്ചയിൽ കുട്ടികൾ മുതൽ വൃദ്ധൻമാർ വരെ വിളക്കെടുക്കാനെത്തി. ഭിന്നലിംഗക്കാരും ഇവിടെ ചമയവിളക്ക് എടുക്കാനെത്തി.
ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നുമായി എത്തുന്നത് ആയിരക്കണക്കിനാളുകളാണ്. ഇതിൽ ഏറെയും സ്ഥിരമായി ചമയവിളക്ക് എടുക്കുന്നവരുമുണ്ട്. കുട്ടികള്‍ മുതല്‍ മുതിര്‍ന്ന ആള്ക്കാര് വരെ പെണ്ണായി വേഷവിധാനം ചെയ്ത് വിളക്കെടുക്കുമ്പോള്‍ അതൊരു വിശ്വാസത്തിന്റെ ഉത്സവമായി മാറുകയാണ്.
വിളക്കെടുപ്പ് കാണാന്‍ ധാരാളം ഭക്തർ എത്തിയതോടെ ക്ഷേത്രാങ്കണം അക്ഷരാര്‍ഥത്തില്‍ ജനനിബിഡമായി മാറി. പുരുഷാംഗനമാർ അണിഞ്ഞൊരുങ്ങി ക്ഷേത്രത്തിലെത്തി ശ്രീകോവിലിനുമുന്നിൽ നിന്ന് വിളക്കു കത്തിച്ച് പ്രദക്ഷിണം വച്ചതിന് ശേഷം വിളക്കുമായി കുഞ്ഞാലിമൂട് മുതൽ ആറാട്ട് കടവ് വരെ വരിവരിയായി നിന്നു. വിളക്കു കണ്ട് തൃപ്തയായ ദേവിയുടെ അനുഗ്രഹം വാങ്ങിയതിനുശേഷമാണ് ഭക്തർ വീടുകളിലേക്ക് മടങ്ങിയത്.
ഇന്നലെത്തെ ഉത്സവം നടത്തിയത് ചവറ, പുതുക്കാട് കരക്കാരാണ്. ഉരുൾ, കലശപൂജകൾ, കെട്ടുകാഴ്ച, സംഗീതസദസ് എന്നിവ നടന്നു. ആറാട്ട് നടത്തി കുരുത്തോലപ്പന്തലിൽ ദേവി വിശ്രമിക്കുന്നതോടെ ആദ്യദിവസത്തെ ചമയവിളക്ക് അവസാനിച്ചു.