തെന്മല: നവവൽസര സമ്മാനമായി 2018 ൽ കൊല്ലം-ചെങ്കോട്ട റയിൽപാതയിലൂടെ ചെന്നൈയിലേക്ക് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് എൻകെ പ്രേമചന്ദ്രൻ എംപി അറിയിച്ചു.
കൊല്ലം-ചെങ്കോട്ട ഗേജ്മാറ്റ പ്രവർത്തിയിൽ പൂർത്തീകരിക്കാനുണ്ട ായിരുന്ന ന്യൂ ആര്യങ്കാവ് മുതൽ ഇടമണ്‍ വരെയുള്ള ഭാഗം പണി പൂർത്തീകരണഘട്ടത്തിലാക്കി ട്രെയിൻ എഞ്ചിന്റെ പരീക്ഷ ണ ഓട്ടം വിജയകരമായി പൂർത്തീകരിച്ചു.
2017 ജൂലൈ 12ന് നടന്ന ഉന്നതതല യോഗത്തിൽ 2017 ഡിസംബറിൽ ലൈൻ കമ്മീഷൻ ചെയ്യുമെന്നാണ് ദക്ഷിണ റയിൽവേ അറിയിച്ചത്. തീരുമാനപ്രകാരം ഡിസംബറിൽ കമ്മീഷൻ ചെയ്യും എന്ന ഉറപ്പ് പാലിക്കപ്പെടുമെന്നതിന്റെ സൂചകമാണ് എഞ്ചിന്റെ പരിശോധനാ ഓട്ടം വിജയകരമായി പൂർത്തീകരിച്ചത്. ന്യൂ ആര്യങ്കാവ് മുതൽ ഇടമണ്‍ വരെയുള്ള 21 കിലോമീറ്റർ ദൂരം പരിശോധന നടത്തിയതിലൂടെ പുനലൂർ ചെങ്കോട്ട ഗേജ്മാറ്റ പ്രവർത്തികൾ പൂർത്തീകരണ ഘട്ടത്തിലായി.
രാവിലെ 10.30 ന് ചെങ്കോട്ടയിൽ നിന്ന് പുറപ്പെട്ട എഞ്ചിൻ 11.05 ന് ന്യൂ ആര്യങ്കാവിലെത്തി. എൻകെ പ്രേമചന്ദ്രൻ എംപിയുടെ സാന്നിധ്യത്തിൽ പരിശോധന ആരംഭിക്കുന്നതിനു മുന്‍പുള്ള പൂജ റെയിൽവേ അധികൃതർ നടത്തി. 11.20 ന് ന്യൂ ആര്യങ്കാവിൽ നിന്നും ആരംഭിച്ച പരിശോധനാ ഓട്ടം കഴുതുരുട്ടി, തെന്മല, ഒറ്റയ്ക്കൽ എന്നീ സ്റ്റേഷനുകൾ പിന്നിട്ട് 1.15 ന് ഇടമണിൽ എത്തി. ന്യൂ ആര്യങ്കാവ്, തെന്മല, ഇടമണ്‍ എന്നീ സ്റ്റേഷനുകളിൽ ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ എഞ്ചിനെ വരവേറ്റു.