കൊല്ലം: പുനലൂർ-ചെങ്കാട്ട റെയിൽവേ ലൈനിൽ വിവിധ സ്റ്റേഷനുകളിൽ താഴ്ന്ന നിലയിലുള്ള പ്ലാറ്റ്ഫോമുകളുടെ ഉയരം വർധിപ്പിക്കുന്നു. ഇതിൻ്റെ ഭാഗമായി ന്യൂ ആര്യങ്കാവ് സ്റ്റേഷനിൽ പ്ലാറ്റ്ഫോമിൻ്റെ പൊക്കം വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞു. ചെങ്കോട്ടയ്ക്കും പുനലൂരിനും മധ്യേ എട്ട് സ്റ്റേഷനുകളാണുള്ളത്.
ഇത് കൂടാതെ പുനലൂർ മുതൽ കൊല്ലത്തിന് മുമ്പുള്ള കിളികൊല്ലൂർ സ്റ്റേഷനും മധ്യേയുള്ള ചില സ്റ്റേഷനുകളിലും പ്ലാറ്റ്ഫോമുകൾക്ക് ഉയരക്കുറവുണ്ട്. ഇവയുടെ ഉയരവും വർധിപ്പിക്കും.അതിനുശേഷം പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടുന്ന ജോലികളും ആരംഭിക്കും. ചെങ്കോട്ട -കൊല്ലം റൂട്ടിൽ കിളികൊല്ലൂർ സ്റ്റേഷൻ വരെ മധുര ഡിവിഷന് കീഴിലാണ്.
ചെങ്കോട്ട-പുനലൂർ റൂട്ടിൽ സമ്പൂർണ വൈദ്യുതീകരണം അടുത്തിടെയാണ് പൂർത്തിയായത്. അതിനു ശേഷം ചെങ്കോട്ട-കൊല്ലം റൂട്ടിൽ ഓടുന്ന ഏതാനും വണ്ടികളിൽ കോച്ചുകളുടെ എണ്ണം 14 -ൽ നിന്ന് 18 ആയി ഉയർത്തുകയുണ്ടായി. ഏപ്രിൽ ആദ്യവാരം മുതലാണ് കോച്ചുകളുടെ എണ്ണം വർധിപ്പിച്ചത്.
ചെങ്കോട്ട – കൊല്ലം റൂട്ടിൽ പ്ലാറ്റ്ഫോമുകളുടെ എണ്ണം ഉയരം വർധിപ്പിക്കുകയും നീളം കൂട്ടുകയും ചെയ്താൽ 22 എൽഎച്ച്ബി കോച്ചുകളുള്ള ട്രെയിനുകളും 24 ഐസിഎഫ് കോച്ചുകളുമുള്ള ട്രെയിനുകൾ സർവീസ് നടത്താൻ കഴിയും. അതിന് മുന്നോടിയായാണ് ചെറിയ പ്ലാറ്റ്ഫോമുകളുടെ പൊക്കവും നീളവും അടിയന്തിരമായി വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്.
മാത്രമല്ല കൊല്ലത്ത് നിന്ന് ചെങ്കോട്ട വഴി മധുരയ്ക്ക് വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തുന്നതിൻ്റെ സാധ്യതകളും റെയിൽവേ മന്ത്രാലയം പരിശോധിച്ച് വരികയാണ്. ഈ സാഹചര്യത്തിൽ കൊല്ലം -ചെങ്കോട്ട റൂട്ടിലെ പ്രധാന സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളെല്ലാം മികച്ച നിലവാരത്തിലേയ്ക്ക് ഉയർത്താനാണ് അധികൃതരുടെ തീരുമാനം.
ആര്യങ്കാവ്, തെന്മല, ആവണീശ്വരം, കൊട്ടാരക്കര, എഴുകോൺ, കുണ്ടറ, കിളികൊല്ലൂർ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോമുകൾക്ക് നീളക്കുറവുണ്ട്.