കൊല്ലം: കൊല്ലം -ചെങ്കോട്ട പാതയിൽ ഓടുന്ന ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നു. ഇതിനുള്ള അനുമതി ദക്ഷിണ റെയിൽവേയുടെ ട്രാൻസ്പോർട്ടേഷൻ ബ്രാഞ്ച് നൽകി കഴിഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തിൽ 16362/16361 എറണാകുളം – വേളാങ്കണ്ണി എക്സ്പ്രസുകളിൽ നാളെ മുതൽ 18 കോച്ചുകൾ വീതം ഏർപ്പെടുത്തും. നിലവിൽ 14 കൊച്ചുകളാണ് ഉണ്ടായിരുന്നത്.
സെക്കൻഡ് ഏസി – ഒന്ന്, തേർഡ് ഏസി നാല്, സ്ലീപ്പർ -ഒമ്പത്, അൺ റിസർവ്ഡ്- രണ്ട്, എസ്എൽആർ -രണ്ട് എന്നിങ്ങനെയാണ് 18 കോച്ചുകൾ ഉൾപ്പെടുത്തുന്നത്. കൊല്ലം -ചെങ്കോട്ട റൂട്ടിൽ ഓടുന്ന മറ്റ് ട്രെയിനുകളിലും കോച്ചുകളുടെ എണ്ണം വർധിപ്പിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. റേക്കുകളുടെ ലഭ്യതയ്ക്കനുസരിച്ച് ഇത് പ്രാവർത്തികമാക്കാനാണ് തീരുമാനം.