തെന്മല : ജില്ലയില്‍ വീണ്ടും കോവിഡ് സ്ഥിരീകരിച്ചതോടെ നിയന്ത്രണം കര്‍ശനമാക്കി ജില്ലാഭരണകൂടം. നിയന്ത്രണങ്ങള്‍ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങിയാല്‍ അവരെ അറസ്റ്റ് ചെയ്യുന്നതും ഇത്തരക്കാരെ പകര്‍ച്ചവ്യാധി പടര്‍ത്താന്‍ ശ്രമിച്ച കുറ്റത്തിന് ക്വാറന്റൈന് ചെയ്യുന്നതടക്കമുള്ള ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കുളത്തുപ്പുഴയില്‍ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.അതിര്‍ത്തിവഴി പോകുന്ന വാഹനങ്ങളില്‍ ധാരാളമായി ആളുകള്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഇങ്ങനെ ആളുകളെ കൊണ്ടുവരാന്‍ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്യും. ഒപ്പം അത്തരം വാഹനങ്ങളുടെ പെര്‍മിറ്റ്, ഡ്രൈവറുടെ ലൈസന്‍സ് എന്നിവ റദ്ദ് ചെയ്യും. വാഹനയുടമക്കെതിരെയും നടപടി ഉണ്ടാകും. റേഷന്‍ കടകള്‍, ബാങ്കുകള്‍, അവശ്യസര്‍വീസുകള്‍ എന്നിവ ഒഴികയുള്ള യാതൊന്നിനും പ്രവര്‍ത്തനാനുമതി ഇല്ല.
വ്യാജ സത്യവാങ്ങ്മൂലവുമായി പുറത്തിറങ്ങിയാലും നടപടി. സ്വന്തക്കാരെ എത്തിക്കാന്‍ ചിലയിടത്ത് സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം നടപടികള്‍ ഒഴിവാക്കണം. ഇല്ലാത്തപക്ഷം കര്‍ശന നടപടി ഉണ്ടാകും.
കുളത്തുപ്പുഴയില്‍ കൂടുതല്‍ മേഖലകളില്‍ ആവശ്യമായ പരിശോധനകള്‍ നടത്തും. രോഗം സ്ഥിരീകരിച്ച യുവാവിന്റെ സഞ്ചാര പഥം കൂടുതല്‍ വിപുലീകരിക്കും. ഇയാള്‍ കൂടുതല്‍ പ്രദേശങ്ങളില്‍ പോയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതുകൊണ്ട് തന്നെ പരിധോധന കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
അതേസമയം കേരള അതിര്‍ത്തി ജില്ലയായ തെങ്കാശിയില്‍ കോവിഡ് വ്യാപനം കൂടുകയാണ്. ഇരുപത്തിനാല് മണിക്കൂറുകള്‍ക്കുള്ളില്‍ നിരവധി പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കോവിഡ് സ്ഥിരീകരിച്ച കൂടുതല്‍ ആളുകള്‍ക്കും രോഗ ലക്ഷണം ഇല്ല എന്നത് തമിഴ്നാട് ആരോഗ്യവകുപ്പിനെ പ്രതിരോധത്തിലക്കിയിട്ടുണ്ട്.
ജില്ലയില്‍ സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോഎന്നതടക്കം പരിശോധിക്കുകയാണ് ആരോഗ്യവകുപ്പ്. അതിര്‍ത്തിയില്‍ വിട്ടുവീഴ്ച ഇല്ലാത്ത പരിശോധനയാണ് തമിഴ്നാട് നടത്തുന്നത്.