കൊല്ലം: കളക്ടറേറ്റ് ബോംബ് സ്ഫോടന കേസിലെ പ്രതികൾ ഇന്നലെ കൊല്ലത്ത് കോടതിയുടെ ജനൽ ചില്ലുകൾ തകർത്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇതേക്കുറിച്ച് കൂടുതൽ വിവരശേഖരണത്തിന് എൻഐഎ സംഘം എത്തിയേക്കുമെന്ന് സൂചന.
അകമസംഭവം നടന്ന വിവരം അറിഞ്ഞയുടൻതന്നെ എൻഐഎ ഉദ്യോഗസ്ഥർ കൊല്ലം പോലീസുമായി ബന്ധപ്പെട്ട് വിവരങ്ങൾ തിരക്കിയിരുന്നു.
ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തേണ്ടത് അനിവാര്യമാണെങ്കിൽ എൻഐഎ സ്ഥലത്ത് എത്തുമെന്നാണ് വിവരം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല.
വിചാരണയുടെ തുടക്ക ദിവസം തന്നെ പ്രതികൾ അക്രമം കാട്ടിയതിന് പിന്നിൽ ബാഹ്യ പ്രേരണ ഉണ്ടായതായും എൻഐഎ സംശയിക്കുന്നു.
തുമ്പ് ലഭിക്കാതിരുന്ന കേസിൽ എൻഐഎ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് നാല് പ്രതികളെയും അവർ അറസ്റ്റ് ചെയ്തത്. അതുകൊണ്ടുതന്നെ ഈ കേസിലെ വിചാരണ നടപടികളും അവർ സശ്രദ്ധം വിലയിരുത്തുന്നുണ്ട്.
പ്രതികളുടെ അതിക്രമം സംസ്ഥാന പോലീസ് ഇന്റലിജൻസ് വിഭാഗവും അതീവ ഗൗരവമായാണ് എടുത്തിട്ടുള്ളത്. വലിയ സുരക്ഷാ വീഴ്ച ഉണ്ടായതായാണ് ഉന്നത ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ. ഇതേക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ച് കഴിഞ്ഞു.
പ്രതികളെ കോടതിയിൽ കൊണ്ടുവരുമ്പോഴെല്ലാം കളക്ടറേറ്റ് പരിസരത്ത് സുരക്ഷയുടെ ഭാഗമായി കൂടുതൽ പോലീസിനെ വിന്യസിക്കാറുണ്ട്.
ഇന്നലെയും കോടതി പരിസരത്ത് നൂറിലധികം പോലീസുകാർ ഉണ്ടായിരുന്നു. ആന്ധ്രയിൽനിന്നുള്ള പോലീസുകാരും കേരള പോലീസിലെ തണ്ടർ ബോൾട്ട് വിഭാഗവും ഇതിൽ ഉൾപ്പെടും.
സാക്ഷി വിസ്താരത്തിനുശേഷം പ്രതികളെ കോടതി മുറിക്ക് വെളിയിൽ ബഞ്ചിലാണ് ഇരുത്തിയിരുന്നത്. അപ്പോൾ കൂടുതൽ പോലീസ് സ്ഥലത്ത് ഇല്ലാഞ്ഞതാണ് പ്രതികൾ മുതലെടുത്തത്.
അക്രമാസക്തരായ ഇവരെ ബലം പ്രയോഗിച്ചാണ് കീഴ്പ്പെടുത്തിയത്. വിലങ്ങ് ധരിച്ച കൈകൾ ധരിച്ചായിരുന്നു ആക്രമണം.
സംഭവത്തിൽ കൊല്ലം വെസ്റ്റ് പോലീസ് കേസെടുത്തു. പൊതു മുതൽ നശീകരണം, പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുൾ പ്രകാരമാണ് കേസ്.
ഇനി കേസിൽ വിചാരണ നടക്കുമ്പോൾ വീഡിയോ കോൺഫറൻസ് വഴി പ്രതികളെ ഹാജരാക്കാനാണ് തീരുമാനം. പ്രതികളെ കൊണ്ട് വരുന്നതിന്റെ ഭാഗമായി കൊല്ലം സിവിൽ സ്റ്റേഷൻ പരിസരത്ത് പോലീസ് സുരക്ഷ വർധിപ്പിച്ച് നിരീക്ഷണം ശക്തമാക്കിയതായി ഇന്നലെ രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു. 2016 ജൂൺ 16നാണ് കളക്ടറേറ്റ് പരിസരത്ത് ബോംബ് സ്ഫോടനം നടന്നത്.