കൊല്ലം: കളക്ടറേറ്റ് ബോംബ് സ്ഫോടന കേസിൽ വിധി പ്രഖ്യാപനം നാളെ. അന്തിമ വാദം കൊല്ലം പ്രിൻസിപ്പിൽ സെഷൻസ് ജഡ്ജി ജി.ഗോപകുമാർ മുമ്പാകെ ഈ മാസം 18 – ന് പൂർത്തിയായിരുന്നു. തമിഴ്നാട് മധുര സ്വദേശികളും നിരോധിത സംഘടനയായ ബേസ് മൂവ്മെന്റിന്റെ പ്രവർത്തകരുമായ അബ്ബാസ് അലി (31), ഷംസൂൺ കരിം രാജ് (33), ദാവൂദ് സുലൈമാൻ (27), ഷംസുദീൻ (28) എന്നിവരാണ് കേസിലെ പ്രതികൾ. ഇവർ നിലവിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാൻ്റിൽ കഴിയുകയാണ്. അഞ്ചാം പ്രതി മുഹമ്മദ് അയൂബിനെ പിന്നീട് മാപ്പുസാക്ഷിയാക്കി.
2016 ജൂൺ 15-ന് രാവിലെ 10.50-ന് ആയിരുന്നു സിവിൽ സ്റ്റേഷൻ വളപ്പിൽ സ്ഫോടനം നടന്നത്. മുൻസിഫ് കോടതിക്ക് സമീപം ഉപയോഗശൂന്യമായതിനാൽ നിർത്തിയിട്ടിരുന്ന തൊഴിൽ വകുപ്പിന്റെ ജീപ്പിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ജീപ്പ് ഭാഗികമായി തകർന്നു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. സിവിൽ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകാൻ എത്തിയ പേരയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സാബുവിനാണ് പരിക്കേറ്റത്.
സംഭവം അറിഞ്ഞയുടൻ ജില്ലാ കളക്ടർ എ. ഷൈനമോൾ കളക്ടറേറ്റ് വളപ്പിലെ വിവിധ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ചു. തുടർന്ന് സിവിൽ സ്റ്റേഷനും പരിസരവും പൂർണമായും പോലീസിൻ്റെ സുരക്ഷാ വലയത്തിലായി.അന്നത്തെ ദക്ഷിണ മേഖലാ ഐജി മനോജ് ഏബ്രഹാം അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. സിറ്റി പോലീസ് കമ്മീഷണർ ഡോ. സതീഷ് ബിനോയുടെ നേതൃത്വത്തിൽ എട്ട് സംഘങ്ങളാണ് കേസ് അന്വേഷിച്ചത്.
നൂറുകണക്കിന് ആൾക്കാരെ ചോദ്യം ചെയ്യുകയും ആയിരക്കണക്കിന് ഫോൺ കോളുകൾ അടക്കം പരിശോധിച്ചെങ്കിലും പോലീസിന് തുമ്പൊന്നും ലഭിക്കുകയുണ്ടായില്ല. തീവ്രവാദ സ്വഭാവം സംശയിക്കുന്ന കേരളത്തിലെ ചില സംഘടനാ നേതാക്കൾ അടക്കമുള്ളവരെയും ചോദ്യം ചെയ്യുകയുണ്ടായി.
ദീർഘനാളത്തെ ആസൂത്രണം
സ്ഫോടനത്തിന് പിന്നിൽ ഏറെ നാളത്തെ ആസൂത്രണമുണ്ടെന്ന് എൻഐഎ പറയുന്നു. മധുരയിൽ നിന്ന് ബസിൽ കൊല്ലം കെഎസ്ആർടിസി സ്റ്റാൻഡിൽ രണ്ടാം പ്രതി ഷംസൂൺ കരിം രാജ അവിടുന്ന് ഓട്ടോറിക്ഷയിൽ വന്നാണ് വാഹനത്തിൽ ബോംബ് വച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ടൈമർ ഉപയോഗിച്ചുള്ള ഇംപ്രോവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണമാണ് (ഐഇഡി) ജീപ്പിൽ ഘടിപ്പിച്ചത്.
അലൂമിനിയം സ്നാക്സ് ബോക്സിൽ സൂക്ഷിച്ച ഈ ഉപകരണം ജീപ്പിൻ്റെ ഇടതു വശത്തെ പിൻ ചക്രത്തിന് സമീപമാണ് വച്ചത്. നിശ്ചിത സമയത്ത് പൊട്ടിത്തെറിക്കാൻ സ്ഫോടക വസ്തു ബാറ്ററിയുമായി ഘടിപ്പിച്ചിരുന്നു. സാങ്കേതിക മികവോടെയാണ് ഇത് സ്ഥാപിച്ചതെങ്കിലും തീവ്രത കുറവായിരുന്നുവെന്ന് പിന്നീട് നടന്ന ശാസ്ത്രീയ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.17 ബാറ്ററികൾ, 14 ഫ്യൂസുകൾ, സ്നാക്സ് ബോക്സിൻ്റെ തകർന്ന കഷണങ്ങൾ തുടങ്ങിയവ സംഭവ സ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുക്കുകയുമുണ്ടായി.
അറസ്റ്റ് നടത്തിയത് എൻഐഎ
ദേശീയ അന്വേഷണ ഏജൻസിയാണ് (എൻഐഎ) പ്രതികളെ അസ്റ്റ് ചെയ്തത്. മൈസൂരു കോടതി വളപ്പിൽ നടന്ന ബോംബ് സ്ഫോടനത്തിൻ്റെ അന്വേഷണത്തിനിടയിലാണ് കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ എൻഐഎയ്ക്ക് ലഭിച്ചത്. മൈസുരു സ്ഫോടന കേസുമായി ബന്ധപ്പെട്ട് എൻഐഎ പിടികൂടിയവരുടെ ലാപ്പ്ടോപ്പിൽ നിന്നാണ് കൊല്ലത്തെ സ്ഫോടനം സംബന്ധിച്ച വ്യക്തമായ തെളിവുകൾ ലഭിച്ചത്.
കൊല്ലം കളക്ടറേറ്റിന്റെ ദൃശ്യം ഉൾപ്പെടെ ലാപ്പ്ടോപ്പിൽ ഉണ്ടായിരുന്നു. പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കൊല്ലം സ്ഫോടനത്തിൽ ഇവരുടെ പങ്ക് സ്ഥിരീകരിച്ചത്. തുടർന്ന് എൻഐഎ കേരള പോലീസിന് വിവരം കൈമാറി. അതിനു ശേഷം കോടതി മുഖാന്തിരമാണ് പോലീസ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഗൂഢാലോചന (120-ബി), കൊലപാതക ശ്രമം (307), പരിക്കേൽപ്പിക്കൽ (324), നാശനഷ്ടം വരുത്തൽ (407) എന്നിവയ്ക്ക് പുറമേ സ്ഫോടക വസ്തു നിരോധന നിയമവും യുഎപിഎയിലെ വകുപ്പുകളും പ്രതികൾക്ക് എതിരേ ചുമത്തിയിട്ടുണ്ട്. 2017 സെപ്തംബർ എട്ടിന് കുറ്റപത്രം സമർപ്പിച്ച കേസിൽ 90 സാക്ഷികളുമുണ്ട്.
2023 ഏപ്രിൽ 13 – ന് പ്രതികളെ കുറ്റപത്രം വായിച്ച് കേൾപ്പിച്ചു. പ്രോസിക്യൂഷൻ 63 സാക്ഷികളെ വിസ്തരിക്കുകയുണ്ടായി. ഇതിൽ എൻഐഎ- പോലീസ് ഉദ്യോഗസ്ഥർ അടക്കമുണ്ട്. 109 രേഖകളും 24 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
പ്രതികൾ അക്രമാസക്തരായി
വിചാരണ വേളയിൽ പ്രതികൾ അക്രമാസക്തരായ സംഭവവും അരങ്ങേറി. 2023 ഓഗസ്റ്റ് ഏഴിനായിരുന്നു സംഭവം. അന്ന് കടപ്പ സെൻട്രൽ ജയിലിൽ നിന്ന് ആന്ധ്ര പോലീസാണ് പ്രതികളെ കൊല്ലം കോടതിയിൽ കൊണ്ടുവന്നത്. നടപടിക്രമങ്ങൾ വൈകുന്നുവെന്ന് ആരോപിച്ച് ജില്ലാ ജഡ്ജിയെ നേരിൽ കാണണമെന്ന് പ്രതികൾ ആവശ്യപ്പെട്ടു.
ഇത് നിഷേധിച്ചപ്പോൾ ഉച്ചകഴിഞ്ഞ് 2.45 ന് ഇവർ മുദ്രാവാക്യം വിളിക്കുകയും കോടതിയുടെ ജനൽ ചില്ലുകൾ തകർക്കുകയും ചെയ്തു. കനത്ത പോലീസ് സുരക്ഷക്കിടയിലാണ് അപ്രതീക്ഷിതമായി ഇത് നടന്നത്. പിന്നീട് കൊല്ലം വെസ്റ്റ് പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് പൊതുമുതൽ നശീകരണത്തിന് കേസെടുത്തു.
പിന്നീട് പലപ്പോഴും സുരക്ഷാ കാരണങ്ങളാൽ വിചാരണയുടെ ഭാഗമായി പ്രതികളെ വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ഹാജരാക്കിയത്.പ്രതികൾ മൂന്ന് സംസ്ഥാനങ്ങളിലായി അഞ്ച് സ്ഥലങ്ങളിലാണ് സ്ഫോടനം നടത്തിയതെന്ന് അന്വേഷണസംഘം കണ്ടെത്തി. കേരളത്തിൽ കൊല്ലം, മലപ്പുറം കളക്ടറേറ്റുകൾ, ആന്ധ്രാപ്രദേശിൽ നെല്ലൂർ കോടതി വളപ്പ്, ചിറ്റൂർ, കർണാടകയിലെ മൈസുരു എന്നിവിടങ്ങളിലാണ് സ്ഫോടനം നടത്തിയത്.
ഏറ്റവും ഒടുവിൽ സ്ഫോടനം അരങ്ങേറിയത് മലപ്പുറം കളക്ടറേറ്റിലായിരുന്നു. 2016 നവംബർ ഒന്നിനായിരുന്നു അവിടത്തെ സ്ഫോടനം. മൈസൂരു സ്ഫോടന കേസിൽ ഷംസുദീൻ ഒഴികെയുള്ള മൂന്നു പ്രതികളെയും കോടതി ശിക്ഷിക്കുകയുണ്ടായി. ഷംസുദീൻ ഈ കേസിൽ പ്രതിയായിരുന്നില്ല. മലപ്പുറം സ്ഫോടന കേസിന്റെ വിചാരണ നടപടികൾ ഇതുവരെ ആരംഭിച്ചിട്ടുമില്ല.
കൊല്ലം സ്ഫോടന കേസിൻന്റെ അന്തിമ വാദത്തിൽ കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത് നിയമപ്രകാരം അല്ലെന്ന തടസവാദം പ്രതിഭാഗം ഉന്നയിക്കുകയുണ്ടായി. പ്രോസിക്യൂഷൻ ഈ വാദത്തെ ശക്തിയുക്തം എതിർക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി അഡ്വ. ആർ. സേതുനാഥ്, പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ഷാനവാസ് എന്നിവരാണ് കോടതിയിൽ ഹാജരായത്.
എസ്.ആർ. സുധീർ കുമാർ