കൊല്ലം: ഉള്ളിവില പിടിച്ചു നിറുത്താന്‍ പുനെയില്‍ നിന്ന് സവാള ഇറക്കുമതി ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ ബി.അബ്ദുല്‍ നാസര്‍. കിലോയ്ക്ക് 120 രൂപയ്ക്ക് താഴെയുള്ള നിരക്കില്‍ സപ്ലൈകോ വഴി വിതരണം ചെയ്യാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.
നാളെ മുതല്‍ കുറഞ്ഞ വിലയ്ക്ക് ഉള്ളി വിതരണം സാധ്യമാക്കും വിധമാണ് നപടികള്‍ പുരോഗമിക്കുന്നത്. 5,000 കിലോ ഉള്ളി സപ്ലൈകോയുടെ സഹായത്തോടെ നാഫെഡ് വഴി ഇറക്കുമതി ചെയ്യാനുള്ള നിര്‍ദ്ദേശമാണ് നല്‍കിയത്.
ഭക്ഷണ പദാര്‍ഥങ്ങളില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്ന് ജില്ലാ കളക്ടര്‍ ബി.അബ്ദുല്‍ നാസര്‍. സമസ്ത മേഖലകളുടേയും സുരക്ഷ ലക്ഷ്യമാക്കി ജില്ലയില്‍ നടപ്പിലാക്കുന്ന സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയെ തുടര്‍ന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തിരുന്നു. ബ്രാന്‍ഡഡ് ഉത്പന്നമെന്ന പേരിലായിരുന്നു ഇവ വിപണനം ചെയ്തിരുന്നത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കുന്ന ഇത്തരം വ്യാജ ഉത്പന്നങ്ങളുടെ വ്യാപനം സമ്പൂര്‍ണമായി ഇല്ലാതാത്തുകയാണ് ലക്ഷ്യം.
പിടിച്ചെടുത്ത വ്യാജ വെളിച്ചെണ്ണയുടെ ശാസ്ത്രീയ പരിശോധനാ ഫലം കൂടി കണക്കിലെടുത്ത് ശിക്ഷാനടപടി കൈക്കൊള്ളും. പരിശോധിച്ച ഉത്പാദന – വിപണന കേന്ദ്രങ്ങളുടെ ഉടമകള്‍ക്കും വ്യാജ ഉത്പന്ന നിര്‍മാണത്തില്‍ പങ്കാളികളയാലര്ക്കുമെതിരെ നിയമ നടപടി സ്വീകരിക്കും. വ്യാജ ഉത്പന്ന നിര്‍മാണം തടയുന്നതിനായി തുടര്‍ പരിശോധനകള്‍ നടത്തുമെന്നും കളക്ടര്‍ അറിയിച്ചു.
ഉള്ളി വില ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനകളും തുടരും. പൂഴ്ത്തി വയ്പ്പും കൊള്ളവിലയും നിയന്ത്രിക്കുന്നതിന് വിപണി നിരീക്ഷണം നടത്തി വിവരം കൈമാറാന്‍ ജില്ലാ-താലൂക്ക് സപ്ലൈ ഓഫീസര്‍മാരെ ചുമതലപ്പെടുത്തി. ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, കന്റീനുകള്‍ തുടങ്ങിയവ പരിശോധിക്കേണ്ടത് ഭക്ഷ്യസുരക്ഷാ വിഭാഗമാണ്.
പൊതു വിപണയില്‍ അളവുകളും തൂക്കങ്ങളും വകുപ്പ് പരിശോധന നടത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗവും ആരോഗ്യ വകുപ്പും ഭക്ഷണ വിതരണ – ഉത്പാദന മേഖലയിലെ പരിശോധന കൂടുതല്‍ ശക്തമാക്കണം എന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.