കൊല്ലം: കൊല്ലം കോർപ്പറേഷനിലെ മേയറുടെ മുറിയിൽ തീപിടിത്തം. ഫയലുകൾ കത്തിനശിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം.
രാവിലെശുചീകരണതൊഴിലാളികളാണ് മേയറുടെ മുറിയിൽനിന്ന് പുക ഉയരുന്നത് കണ്ട് വിവരം ബന്ധപ്പെട്ടവരെ അറിയിച്ചത്.
ഉടൻതന്നെ ചാമക്കട, കടപ്പാക്കട എന്നിവിടങ്ങളിൽനിന്ന് ഫയർഫോഴ്സ് യൂണിറ്റെത്തിയെങ്കിലും തീകെടുത്താനായില്ല.മുറിക്കുള്ളിൽ പുക നിറഞ്ഞുനിന്നതിനാൽ പ്രവേശിക്കാൻ കഴിയാതിരുന്നതിനാൽ ജനലിന്റെ ഗ്ലാസുകൾ പൊട്ടിച്ചശേഷമാണ് ശ്രമം തുടങ്ങിയത്.
ഒരു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് തീകെടുത്തിയത്. മേയറുടെ മുറിയിലെ ടിവി പൊട്ടിത്തെറിച്ചനിലയിലും മേശകളും കസേരകളും കത്തിയനിലയിലുമാണ്.
എസിയുടെ വയറിൽനിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.ഫോറൻസിക് വിദഗ്ധരും മറ്റും എത്തി പരിശോധന നടത്തും.
രണ്ട് സെക്യുരിറ്റി ജീവനക്കാരാണ് കോർപറേഷനിൽ ജോലിനോക്കുന്നത് . ഇവരാരും തീപിടിത്തം കണ്ടില്ല. മേയറുടെ കാര്യാലയവും പരിസരവും കാമറ നിരീക്ഷണത്തിലാണ്.
മേയറുടെ മുറിയിൽ മാത്രം തീപിടിച്ചതിൽ ദുരൂഹത നിലനിൽക്കുന്നുണ്ട്. അതേസമയം, പ്രധാന ഫയലുകൾ ഒന്നും കത്തിയിട്ടില്ലെന്നും കത്തിയ ഫയലുകളിലെ വിവരങ്ങൾ കന്പ്യൂട്ടറിൽ ലിഖിതപ്പെടുത്തിയിട്ടുള്ളതായും മേയർ പ്രസന്ന ഏണസ്റ്റ് രാഷ്ട്രദീപികയോട് പറഞ്ഞു.