കൊല്ലം: ജില്ല കോവിഡ് വിമുക്തമായെങ്കിലും നിരീക്ഷണത്തിൽ പോകുന്നവരുടെ എണ്ണം വർധിക്കുന്നത് ആശങ്കയ്ക്ക് ഇടവരുത്തുന്നു. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന രണ്ടു പേർ ഇന്നലെ ആശുപത്രി വിട്ടതോടെയാണ് കൊല്ലം കോവിഡ് വി മുക്ത ജില്ലയായത്.
ഇന്നലെ ലക്ഷദ്വീപിൽ നിന്നെത്തിയ അഞ്ചു പേരും പുലർച്ചയോടെ ജിദ്ദയിൽ നിന്നെത്തിയ 14 പേരും നഗരത്തിലെ നിരീക്ഷണ കേ ന്ദ്രത്തിലാണ്. ഡൽഹിയിൽ നിന്ന് ഇന്ന് തിരുവനന്തപുരത്ത് ട്രെയിനിൽ എത്തിയവരിൽ കുട്ടികൾ ഉൾപ്പടെ 74 പേർ കൊല്ലം ജില്ലയിലുള്ളവരാണ്.ഇവരെ വിവിധ നിരീക്ഷണ കേന്ദ്രങ്ങളിലാക്കിയിട്ടുണ്ട്.
ഇവർക്കാർക്കും കോവിഡ് ബാധയുടെ ലക്ഷണങ്ങളില്ല. 290 ഓളം പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. അന്യസംസ്ഥാനത്തു നിന്നുള്ളവരും പ്രവാസികളുടെ വരവും കൂടിയതോടെയാണ് നിരീക്ഷണ കേന്ദ്രത്തിൽ പോകുന്നവരുടെ എണ്ണം വർധിക്കുന്നത്.
ഇന്നലെ പുനലൂർവിളക്കുവട്ടത്ത് നിരീക്ഷണത്തിലായിരുന്ന ആറംഗ സംഘം കർണാടകയിലേക്ക് മുങ്ങാൻ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. ഇവരെ വീണ്ടും ക്വാറന്റൈയിനിലാക്കി.