കൊല്ലം: ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. മൂന്നു ദിവസം മുമ്പ് കോവിഡ് മുക്തമായ ജില്ലയാണ് കൊല്ലം. പ്രവാസികളുടെ വരവ് കൂടിയതോടെയാണ് രോഗികളുടെ എണ്ണവും വർധിക്കുന്നത്.
ജില്ലയിൽ ബ്ളോക്ക് പഞ്ചായത്ത് അംഗമായ ആരോഗ്യ പ്രവർത്തകയ്ക്ക് കോ വിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കല്ലുവാതുക്കൽ പഞ്ചായത്ത് ഹോട്ട്സ്പോട്ടായി പ്രഖ്യാപിക്കുകയും ചെയ്തു.
ആരോഗ്യ പ്രവർത്തകയുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള 30 ഓളം പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നത് ആശ്വാസം പകരുന്നു. ഇനി 40 പേരുടെ ഫലം വരാനുണ്ട്. ആരോഗ്യ പ്രവർത്തക സമ്പർക്കപ്പെട്ട സ്ഥാപനങ്ങളെല്ലാം ഇന്നലെ അടച്ചിട്ട ശേഷം അണുവിമുക്തമാക്കി.
16ന് അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ ജില്ലക്കാരായ ആറു പേർക്കാണ് ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ചത്.ഇവരിൽ മൂന്നു പേർ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവർ തിരുവനന്തപുരം ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്.
എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന ഒരാളും കല്ലുവാതുക്കലിലെ ആരോഗ്യ പ്രവർത്തകയുമാണ് മറ്റ് രണ്ടു പേർ.ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ രണ്ടു പേർ അബുദാബിയിൽ ഒരേ മുറിയിൽ കഴിഞ്ഞ വരായിരുന്നു.
മറ്റ് രണ്ടു പേരെ കൊട്ടാരക്കരയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടു പോകുന്നതിനിടയിലാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്.ഇന്നലെ രോഗം സ്ഥിരീകരിച്ചവരുമായി 1850 ഓളം പേർ സമ്പർക്കപ്പെട്ടതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്.ഇവർ നിരീക്ഷണത്തിലാണ്.
ഇന്നലെ ഓച്ചിറയിലെത്തിയ 56 പ്രവാസികളെയും 80 ഇതര സംസ്ഥാന തൊഴിലാളികളെയും നിരീക്ഷണ കേന്ദ്രത്തിലാക്കി. തിരുവനന്തപുരത്തെത്തിയ രാജധാനി എക്സ്പ്രസിൽ 60 ഓളം പേർ ജില്ലയിലുള്ളവരാണെന്നാണ് സൂചന.ഇവരിൽ 23 പേർ ഉൾപ്പെട്ട ആദ്യസംഘത്തെരാവിടെ പത്തോടെ വിവിധ നിരീക്ഷണ കേന്ദ്രങ്ങളിലെത്തിച്ചു.