കൊല്ലം: പാർട്ടി സംസ്ഥാന സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ കൊല്ലം ജില്ലാസമ്മേളനം. സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിന്മേലുള്ള പൊതു ചർച്ചയിലാണ് കാനം രാജേന്ദ്രനെതിരെയും ഭക്ഷ്യമന്ത്രി പി.തിലോത്തമനെതിരെയും വിമർശനമുയർന്നത്. മാധ്യമങ്ങൾക്കു മുന്നിൽ ഗീർവാണം മുഴക്കുന്ന കാനം, റവന്യൂ സെക്രട്ടറി പി.എച്ച് കുര്യനെ മാറ്റുന്നതിൽ പരാജയപ്പെട്ടെന്നാണ് പ്രതിനിധികൾ വിമർശിച്ചത്.
ഭക്ഷ്യമന്ത്രി പി.തിലോത്തമനെതിരെയും പ്രതിനിധികൾ വിമർശനമുയർത്തി. സംസ്ഥാനത്ത് ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാണ്. അത് തടഞ്ഞുനിർത്താൻ ഒരു ചുക്കും മന്ത്രി ചെയ്യുന്നില്ലെന്നു തുറന്നടിച്ച പ്രതിനിധികൾ, ചന്ദ്രശേഖരൻ നായരെ പോലെയുള്ള മഹാന്മാർ ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് തിലോത്തമൻ ഓർക്കണമെന്നും ചൂണ്ടിക്കാട്ടി.
പാർട്ടി മന്ത്രിമാർ തമ്മിൽ ഏകോപനമില്ലെന്നും വിമർശനമുയർന്നു. പല കാര്യങ്ങളിലും മന്ത്രിമാർ വിരുദ്ധാഭിപ്രായമാണ് പ്രകടിപ്പിക്കുന്നതെന്നും പ്രതിനിധികൾ പറഞ്ഞു. 23-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടക്കുന്ന ജില്ലാ സമ്മേളനങ്ങളിൽ ഇതാദ്യമായാണ് സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെ ഇത്ര രൂക്ഷ വിമർശനം ഉയരുന്നത്.