കൊല്ലം: കരുനാഗപ്പള്ളിയിലെ വിഭാഗീയത പരിഹരിക്കുന്നതിൽ ജില്ലാ നേതൃത്വത്തിന് ഗുരുതര വീഴ്ച സംഭവിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുറന്നടിച്ച സാഹചര്യത്തിൽ കൊല്ലത്ത് സിപിഎമ്മിൽ നേതൃമാറ്റത്തിന് സാധ്യതയേറി. ജില്ലാ സെക്രട്ടറി എസ്. സുദേവനെ സ്ഥാനത്തുനിന്ന് മാറ്റുമോ എന്ന ചർച്ചകൾ സമ്മേളന പ്രതിനിധികൾ അടക്കമുള്ളവരിൽ ചൂടേറിയ ചർച്ചയായി കഴിഞ്ഞു. സെക്രട്ടറിയെ മാറ്റുകയാണെങ്കിൽ പകരം ആര് എന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
സംഘടനയെ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ കെൽപ്പുള്ള നേതൃത്വം വരണമെന്ന ആഗ്രഹമാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്. അങ്ങനെ വരുമ്പോൾ പ്രഥമ പരിഗണന ലഭിക്കുക സംസ്ഥാന കമ്മിറ്റി അംഗം കെ. സോമപ്രസാദിനാണെന്നാണു സൂചന. മുൻ എംപി എന്ന നിലയിൽ നേതാക്കൾക്കും അണികൾക്കും ഇടയിൽ സമ്മതനുമാണ് അദ്ദേഹം.
ജില്ലാ സെക്രട്ടേറിയറ്റിൽനിന്നുള്ളവരെ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുകയാണെങ്കിൽ എസ്. ജയമോഹൻ, എക്സ്. ഏണസ്റ്റ് എന്നിവർക്കും സാധ്യതയുണ്ട്. ജയമോഹൻ നിലവിൽ സിഐടിയു ജില്ലാ സെക്രട്ടറിയാണ്. മാത്രമല്ല കാഷ്യൂ കോർപറേഷൻ ചെയർമാൻ സ്ഥാനവും വഹിക്കുന്നുണ്ട്.
അദ്ദേഹം ജില്ലാ സെക്രട്ടറിയാകുകയാണെങ്കിൽ നിലവിലെ സ്ഥാനങ്ങൾ ഒഴിയേണ്ടിവരും. എക്സ്. ഏണസ്റ്റ് ജില്ലാ സ്പോർട്സ് കൗൺസിൽ ഭാരവാഹിയാണ്.സെക്രട്ടറി സ്ഥാനത്തേയ്ക്ക് വനിതയെ പരിഗണിക്കുകയാണെങ്കിൽ സംസ്ഥാന സമിതി അംഗവും മുൻ മന്ത്രിയുമായ ജെ. മേഴ്സിക്കുട്ടിയമ്മയ്ക്കും സാധ്യതയുണ്ട്. പാർട്ടിയുടെ ബ്രാഞ്ച്, ലോക്കൽ, ഏരിയാ സമ്മേളനങ്ങളുടെ ഷെഡ്യൂൾ നിശ്ചയിച്ചപ്പോൾ തന്നെ കൊല്ലം ജില്ലയിലെ വിവിധ മേഖലകളിലെ വിഭാഗീയ പ്രശ്നങ്ങൾ പരിഹരിക്കാൻ ഫലപ്രദമായി ഇടപെടണമെന്ന് സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിന് കർശന നിർദേശം നൽകിയിരുന്നു.
ചേരിതിരിവ് ഉള്ള സ്ഥലങ്ങളിൽ ഇരുവിഭാഗത്തിന്റെ യും അഭിപ്രായങ്ങൾ കേട്ട ശേഷം സമവായം ഉണ്ടാക്കണമെന്നായിരുന്നു നിർദേശം. കരുനാഗപ്പള്ളിയിൽ അടക്കം പ്രശ്നം പരിഹരിക്കുന്നതിൽ ജില്ലാ നേതൃത്വത്തിന് ഗുരുതര വീഴ്ച സംഭവിച്ചു. മാത്രമല്ല നേതൃത്വത്തിൽ അവിടെ ഒരു പക്ഷത്തിന്റെ ഭാഗമായി നിലകൊണ്ടു. തലമുതിർന്ന നേതാക്കളുടെ അഭിപ്രായങ്ങൾ ചില ജില്ലാ നേതാക്കൾ മുഖവിലയ്ക്ക് എടുത്തതുമില്ല. വിഭാഗീയതയുടെ തീവ്രത സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതിലും ജില്ലാ നേതൃത്വം പരാജയപ്പെട്ടു എന്നാണ് വിലയിരുത്തൽ.
ജില്ലാ നേതൃത്വത്തിലുള്ള ചിലർക്ക് എതിരേ ഇതുമായി ബന്ധപ്പെട്ട് രേഖാമൂലം തെളിവുകൾ സഹിതം പരാതികളും സംസ്ഥാന കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് നേതൃമാറ്റം അനിവാര്യം എന്ന ചിന്ത ഉരുത്തിരിഞ്ഞ് വന്നിട്ടുള്ളത് എന്നറിയുന്നു. മാത്രമല്ല ജില്ലാ കമ്മിറ്റിയിലും ജില്ലാ സെക്രട്ടേറിയറ്റിലും കാര്യമായ അഴിച്ചു പണി ഉണ്ടാകും എന്ന കാര്യവും ഉറപ്പാണ്. ജില്ലാ സെക്രട്ടേറിയറ്റിൽ കൂടുതൽ പുതുമുഖങ്ങളെ ഉൾപ്പെടുത്തും.
ഓഗസ്റ്റ് മൂന്നിന് നടന്ന പാർട്ടി സംസ്ഥാന സമിതി യോഗമാണ് കൊല്ലത്ത് സംസ്ഥാന സമ്മേളനം നടത്തേണ്ട തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അതിനു ശേഷം നാല് മാസം കഴിഞ്ഞിട്ടും സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം ചേരാൻ പോലും ജില്ലാ നേതൃത്വത്തിന് സാധിച്ചതുമില്ല. സ്വാഗത സംഘം രൂപീകരണവുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേർന്ന് രണ്ട് തവണ തീയതികൾ ആലോചിച്ചുവെങ്കിലും ഇതിന് സംസ്ഥാന സമിതിയുടെ അനുമതി ലഭിച്ചില്ല എന്നാണ് വിവരം. ജില്ലാ സമ്മേളനം പൂർത്തിയായ ശേഷം മതി സ്വാഗത സംഘം രൂപീകരണം എന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.
സാധാരണ ഗതിയിൽ സ്വാഗത സംഘത്തിന്റെ ജനറൽ കൺവീനർ സ്ഥാനം പാർട്ടി ജില്ലാ സെക്രട്ടറിക്കായിരിക്കും. പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയാണോ സ്വാഗത സംഘം രൂപീകരണം വൈകുന്നതെന്ന ആശങ്കയും പ്രതിനിധികൾക്കിടയിൽ ശക്തമാണ്. ഇന്ന് രാത്രി നടക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ഇക്കാര്യങ്ങളിൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷ.
സംസ്ഥാന നേതാക്കളെയും വിമർശിച്ച് പ്രതിനിധികൾ
കൊല്ലം: സിപിഎം ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരേയും നേതാക്കള്‍ക്കെതിരേയും വിമര്‍ശനവുമായി പ്രതിനിധികള്‍. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, ഇ.പി. ജയരാജന് എന്നിവര്‍ക്കെതിരേ പ്രതിനിധികള്‍ രൂക്ഷവിമര്‍ശനമുന്നയിച്ചു.തൊഴിലാളി വര്‍ഗപ്രസ്ഥാനത്തിന്റെ സംസ്ഥാന നേതാവ് തൊഴിലാളിയായ മൈക്ക് ഓപ്പറേറ്ററെ അവഹേളിച്ചു, നേതാക്കള്‍ തലക്കനം കാട്ടി നടക്കുന്നത് ശരിയല്ല, ലാളിത്യം ഉണ്ടാകണം, ഇപിയുടേത് കമ്യൂണിസ്റ്റിന് നിരക്കുന്ന രീതിയല്ല, തെരഞ്ഞെടുപ്പ് ദിനത്തിലെ ഇപിയുടെ വെളിപ്പെടുത്തല്‍ തിരിച്ചടിയായെന്നും പൊതുചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് നടൻ മുകേഷിന്റെ സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ചും വിമര്‍ശനമുണ്ടായി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കൈവശം ഇരിക്കുമ്പോഴാണ് സ്ഥാനാര്‍ഥിയാക്കിയത്. മറ്റാരെയെങ്കിലും സ്ഥാനാര്‍ഥി ആക്കിയിരുന്നെങ്കില്‍ ഇത്ര വലിയ പരാജയം ഉണ്ടാകില്ലായിരുന്നുവെന്നും വിമർശനം ഉയർന്നു. മുകേഷ് രാത്രി കാലങ്ങളില്‍ പ്രചാരണത്തിന് എത്തിയില്ല.
പാര്‍ട്ടിയുമായി സഹകരിക്കുന്ന രീതി മുകേഷിനില്ലായെന്നും പ്രതിനിധികൾ ആരോപിച്ചു. പലസ്തീൻ വിഷയത്തിൽ നേതാക്കളായ എം.സ്വരാജും കെ.കെ. ശൈലജയ്ക്കും പിശക് സംഭവിച്ചു. സമൂഹമാധ്യമങ്ങളിൽ അവരിട്ട പോസ്റ്റുകൾ ആശയകുഴപ്പം ഉണ്ടാക്കിയെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
- എസ്.ആർ. സുധീർ കുമാർ