ശാസ്താംകോട്ട: കുന്നത്തൂരിൽ കോൺഗ്രസ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യയെയും ബിജെപി പ്രവർത്തകനായ കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. കുന്നത്തൂർ ഏഴാംമൈൽ ശിവഗിരി കോളനിയിൽ മഹാദേവ ഭവനിൽ പരേതരായ മുരളി – വസന്ത ദമ്പതികളുടെ മകൻ മഹേഷ് (44) ആണ് മരിച്ചത്.
കൊലപാതകവുമായി ബന്ധപ്പെട്ട് മഹേഷിന്റെ ഭാര്യ രജനി (31), കാമുകനും ബിജെപി പ്രവർത്തകനുമായ കോട്ടവിള കിഴക്കതിൽ സുനിൽകുമാർ (38) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ മറ്റൊരാൾക്കും പങ്കുള്ളതായി പറയപ്പെടുന്നു.
കഴിഞ്ഞ ഞായറാഴ്ച രാത്രി ഒൻപതോടെ രജനിയുടെ കുടുംബവീടിനു സമീപം ആയിരുന്നു സംഭവം. കൽപ്പണിക്കാരായിരുന്ന മഹേഷും സുനിൽകുമാറും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇതിനിടയിൽ സുനിലും രജനിയും തമ്മിൽ അടുക്കുകയും മഹേഷ് ഇതിനെ എതിർക്കുകയും ചെയ്തിരുന്നതായി പറയപ്പെടുന്നു. പിന്നീട് ശത്രുക്കളായി മാറിയ ഇരുവരും തമ്മിൽ പരസ്പരം ഏറ്റുമുട്ടുക പതിവായിരുന്നു. ഇതു സംബന്ധിച്ച് നിരവധി തവണ ശാസ്താംകോട്ട പോലീസ് കേസ് എടുത്തിട്ടുമുണ്ട്. പ്രശ്നം രൂക്ഷമായിരുന്നെങ്കിലും ബന്ധത്തിൽ നിന്നും പിന്മാറാൻ രജനി തയാറായിരുന്നില്ല.
സംഭവ ദിവസം തൊട്ടടുത്ത ക്ഷേത്രത്തിലെ ഉത്സവമായിരുന്നു. ഉത്സവത്തിന് രജനി പോകുന്നത് മഹേഷ് വിലക്കിയത് പ്രശ്നങ്ങൾക്കിടയാക്കി. തുടർന്ന് രജനി കാമുകനായ സുനിലിനെ വിവരം അറിയിക്കുകയുണ്ടായി. ഇവിടെയെത്തിയ സുനിലും മഹേഷും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും വാൾ ഉപയോഗിച്ച് മഹേഷിന്റെ വയറിന്റെ മധ്യഭാഗത്ത് കുത്തുകയുമായിരുന്നു.
ഇയാളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ തന്നെ ശാസ്താംകോട്ട താലൂക്കാശുപത്രിയിലെത്തിച്ചു. എന്നാൽ ജില്ലാ ആശുപത്രിയിലേക്ക് പോകാൻ ഡോക്ടർമാർ നിർദേശിച്ചെങ്കിലും അതിന് തയാറാകാതെ പ്രാഥമിക ശുശ്രൂക്ഷയ്ക്കു ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അർധരാത്രിയോടെ വേദന കലശലാകുകയും വീണ്ടും താലൂക്കാശുപത്രിയിൽ തന്നെ എത്തിക്കുകയും ചെയ്തു.
ഇവിടെ നിന്നും ജില്ലാ ആശുപതിയിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ എട്ടോടെയാണ് മരണം സംഭവിച്ചത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് 12 ഓടെ വീട്ടിലെത്തിച്ച് സംസ്കരിക്കും. മക്കൾ: മഹാദേവൻ, ആദിത്യൻ എന്നിവർ മക്കളാണ്.
ശാസ്താംകോട്ട സിഐ വി.കെ പ്രശാന്തിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. കസ്റ്റഡിയിലുള്ള പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. കൊല നടത്തിയ സുനിൽകുമാർ വിവാഹിതനും രണ്ടു മക്കളുടെ പിതാവുമാണ്. അതിനിടെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിന് ഏഴാംമൈൽ ജംഗ്ഷനിലെ കനാലിൽ പോലീസ് നടത്തിയ തെരച്ചിൽ വിഫലമായി.