കൊല്ലം: കുഞ്ഞുമായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് പോയ ആംബുലൻസ് നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികനായ കുമ്പളം കുന്നത്തുവീട്ടിൽ ആൽബിൻ (57) മരിച്ചു. ഇന്നലെ രാത്രി ഒമ്പതിന് കൊല്ലം – തിരുവനന്തപുരം ദേശീയപാതയിൽ കേരളപുരം ജംഗ്ഷനിലായിരുന്നു അപകടം.
കേരളപുരം മണ്ഡലം ജംഗ്ഷൻ ബിബിൻ നിവാസിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ആൽബിൻ. അപകടത്തിന് ശേഷം ആംബുലൻസ് നിരവധി തവണ കരണം മറിഞ്ഞ് ഓട്ടോകളും കൈവരികളും ഇടിച്ച് തകർത്ത് മറിയുകയുണ്ടായി.
ആംബുലൻസിലുണ്ടായിരുന്നവർക്കും ആംബുലൻസ് ഡ്രൈവർ പെരുമ്പുഴ മുണ്ടയ്ക്കൽ സ്വദേശി അഭിഷേകിനും (24) പരിക്കേറ്റു. ഇവരെ കൊല്ലത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്നു ആംബുലൻസ്. നിർമലയാണ് ആൽബിന്റെ ഭാര്യ. മക്കൾ: -സീബ, സിബിൻ.