കൊല്ലം: വേണാട് എക്സ്പ്രസിലെ തിരക്ക് ഒഴിവാക്കാൻ ആരംഭിച്ച കൊല്ലം- എറണാകുളം മെമു ട്രെയിൻ ശനിയാഴ്ചയും സർവീസ് നടത്തും. ഇതു സംബന്ധിച്ച റെയിൽവേയുടെ ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം. ഈ വണ്ടിയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് ഇത് ഏറെ ആശ്വാസം നൽകും.
താത്കാലിക സംവിധാനം എന്ന നിലയിൽ ആഴ്ചയിൽ തിങ്കൾ മുതൽ വെള്ളി വരെയാണ് മെമു ഇപ്പോൾ സർവീസ് നടത്തുന്നത്. മാത്രമല്ല ഈ ട്രെയിൻ നവംബർ 29 വരെ മാത്രമാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിൻ്റെ കാലാവധിയും ദീർഘിപ്പിക്കും.മെമു റേക്കിന്റെ അഭാവമാണ് കൂടുതൽ ട്രെയിനുകൾ അനുവദിക്കുന്നതിന് തടസമാകുന്നതെന്ന് കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ കൊടിക്കുന്നിൽ സുരേഷ് എംപിയെ റെയിൽവേ സഹമന്ത്രി വി. സോമണ്ണ അറിയിക്കുകയുണ്ടായി.
പുനലൂരിൽനിന്ന് കൊല്ലം വഴി എറണാകുളത്തേയ്ക്ക് മെമു സർവീസ് ആരംഭിക്കണമെന്നാണ് യാത്രക്കാരുടെയും ഫ്രണ്ട്സ് ഓൺ റെയിൽസ് അടക്കമുള്ള സംഘടനകളുടെയും പ്രധാന ആവശ്യം.ഇത് റെയിൽവേ ബോർഡിന്റെ പരിഗണനയിലാണെന്നും റേക്കുകൾ ലഭ്യമാകുന്ന മുറയ്ക്ക് അനുവദിക്കുമെന്നും മന്ത്രി ഉറപ്പും നൽകിയിട്ടുണ്ട്.
ഈ വണ്ടി യഥാർഥ്യമായാൽ കൊല്ലം-എറണാകുളം മെമു പിന്നീട് പുനലൂർ-മെമു സർവീസ് ആയിട്ടായിരിക്കും ഓടുക. കോച്ചുകളുടെ എണ്ണവും വർധിപ്പിക്കാൻ സാധ്യതയുണ്ട്. നിലവിൽ എട്ട് കോച്ചുകളുമായാണ് സർവീസ് നടത്തുന്നത്. ഇതു തീരെ അപര്യാപ്തമാണ്. വണ്ടി കായംകുളം എത്തുമ്പോഴേയ്ക്കും കോച്ചുകളിൽ നിന്നുതിരിയാൽ പറ്റാത്ത അവസ്ഥയാണ്. അതുകൊണ്ട് തന്നെ കോച്ചുകളുടെ എണ്ണം 12 ആയി വർധിപ്പിക്കാനാണ് സാധ്യത.
- എസ്.ആർ. സുധീർ കുമാർ