കണ്ണൂർ: കണ്ണൂർ ആർടിഒ വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വളപട്ടണത്ത് വാഹന പരിശോധന നടത്തവെ വ്യാജ നന്പർ പ്ലേറ്റ് ഉപയോഗിച്ച വാഹനം പിടികൂടി.
കൊല്ലത്തു നിന്നു വളപട്ടണത്തേക്കു ചരക്കുമായി വന്ന ലോറിയാണ് പിടികൂടിയത്. കർണാടക രജിസ്ട്രേഷനിലുള്ള വാഹനത്തിന്റെ ശരിയായ നമ്പർ പ്ലേറ്റിന് മുകളിൽ വ്യാജ നമ്പർ പ്ലേറ്റ് വയ്ക്കുകയായിരുന്നു.
ലോറിയുടെ യഥാർഥ നമ്പറായ കെഎ 01 എൻ 3942 എന്ന നമ്പറിന് പകരം കെഎ 07 ബി 0749 എന്ന വ്യാജ നമ്പർ ഉപയോഗിക്കുകയായിരുന്നു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പരിശോധന നടത്തുന്പോൾ ഡ്രൈവർ പരുങ്ങുന്നത് കണ്ട് ലോറിയുടെ ഉൾഭാഗം പരിശോധിച്ചെങ്കിലും യാതൊന്നും കണ്ടെത്തിയില്ല.
തുടർന്ന് ലോറിയുടെ മുൻഭാഗം പരിശോധിക്കുന്പോഴാണ് രണ്ട് നമ്പർ പ്ലേറ്റുകൾ കണ്ടെത്തിയത്. എൻഫോഴ്സ്മെന്റ് സ്ക്വാഡ് വാഹനം പിടികൂടി വളപട്ടണം പോലീസിൽ ഏൽപിച്ചു. ഡ്രൈവറെ പോലീസ് ചോദ്യം ചെയ്തെങ്കിലും നമ്പർ പ്ലേറ്റ് മാറിയത് അറിയില്ലെന്നായിരുന്നു മറുപടി. വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.