കൊല്ലം: തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങളുടെ വിവരങ്ങള്‍ 29 നകം ലഭ്യമാക്കണമെന്ന് ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ നിര്‍ദ്ദേശിച്ചു. കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോസ്റ്റല്‍ ഡിസ്ട്രിക്റ്റ് കമ്മിറ്റിയിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയത്.
സുപ്രീംകോടതി നിര്‍ദേശാനുസരണം കൈയേറ്റങ്ങളുടെ കണക്കെടുക്കുന്നതിന്റെ ഭാഗമായാണ് നടപടി. ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ ടൗണ്‍ പ്ലാനര്‍ കണ്‍വീനറും വില്ലേജ് ഓഫീസര്‍മാര്‍ അംഗങ്ങളുമായി രൂപീകരിച്ച കമ്മിറ്റിയാണ് റിപ്പോര്‍ട്ട് സമാഹരിക്കുക. ഇടക്കാല റിപ്പോര്‍ട്ട് ഈ മാസം അവസാനം ചീഫ് സെക്രട്ടറിക്ക് കൈമാറും.
ജില്ലയില്‍ 40 വില്ലേജുകള്‍ ഉള്‍പ്പെടുന്ന 29 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് കമ്മിറ്റിയുടെ പരിധിയില്‍ ഉള്ളത്. നിയമം ലംഘിച്ച് നിര്‍മിച്ച പാര്‍പ്പിട സമുച്ചയങ്ങള്‍, വാണിജ്യ സ്ഥപനങ്ങള്‍, ചെറു നിര്‍മാണങ്ങള്‍ എന്നിവയുടെ കണക്കുകള്‍ പ്രത്യേകമായി ശേഖരിക്കും. നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി രണ്ട്, മൂന്ന് ഘട്ട റിപ്പോര്‍ട്ടുകള്‍ കൂടി തയാറാക്കും.
ഡിസംബറിലാണ് പൊതുജന അഭിപ്രായം സ്വരൂപിക്കുക. അന്തിമ റിപ്പോര്‍ട്ട് ജനുവരിയില്‍ ചീഫ് സെക്രട്ടറിക്ക് കൈമാറും. ഈ റിപ്പോര്‍ട്ടാണ് സുപ്രീംകോടതിക്ക് സമര്‍പ്പിക്കുക.