കൊല്ലം: ചവറയിൽ വീട്ടിൽ കയറി അതിക്രമം നടത്തി മുഖംമൂടി സംഘം. മടപ്പള്ളി സ്വദേശി അനിലിന്റെ വീട്ടിലാണ് മാരകായുധങ്ങളുമായി എത്തിയ സംഘം അക്രമം നടത്തിയത്. മുഖംമൂടി ധരിച്ചെത്തിയ രണ്ടംഗ സംഘം കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിക്കാണ് അനിലിന്റെ വീട്ടിലെത്തിയത്.
തുടർന്ന് അസഭ്യം പറഞ്ഞ് കൈയിൽ കിട്ടിയതെല്ലാം ഇവർ നശിപ്പിച്ചു. മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും അടിച്ചു തകർത്തു. വീടിന്റെ ജനലും കസേരകളും നശിപ്പിച്ചു. ഈ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നെന്ന് മനസിലായിട്ടും സംഘം അക്രമം തുടരുകയായിരുന്നു.
ഈ അക്രമ ദൃശ്യങ്ങൾ അനിൽ തന്നെയാണ് മൊബൈലിൽ പകർത്തിയത്. അനിലിന്റെ കാർ ഒന്നര വർഷം മുൻപ് പ്രദേശവാസിയുടെ ബൈക്കിൽ തട്ടിയിരുന്നു. ഇത് കേസാവുകയും ചെയ്തു. ഒടുവിൽ പരാതിക്കാരന് 5000 രൂപ നൽകിയാണ് ഒത്തുതീർപ്പാക്കിയത്.
എന്നാൽ പ്രദേശവാസി വീണ്ടും പണം ആവശ്യപ്പെട്ടു. ഇത് നൽകാൻ അനിൽ തയാറായില്ലായിരുന്നു. ഇതിന്റെ പേരിൽ തർക്കമുണ്ടായെന്നും പിന്നാലെയാണ് ആക്രമണം ഉണ്ടായതെന്നും അനിൽ പറയുന്നുണ്ട്. സംഭവത്തിൽ പ്രതികൾക്കായി ചവറ പോലീസ് അന്വേഷണം ഊർജിതമാക്കി.