കൊല്ലം : ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നിലച്ച മൽസ്യ ബന്ധന മേഖലക്ക് താത്കാലികാശ്വാസം. ബോട്ടുകളും വള്ളങ്ങളും മത്സ്യബന്ധനത്തിന് പോയിതുടങ്ങി. ഇത് വറുതിയിലായ തീരപ്രദേശത്തിന് ആശ്വാസം പകരും. വാടി, തങ്കശേരി, മൂതാക്കര എന്നിവിടങ്ങളിൽനിന്നാണ് വള്ളങ്ങൾ കൂടുതലായി പോയിട്ടുള്ളത്.
ജില്ലാ കളക്ടറുടെ പുതിയ ഉത്തരവ് പ്രകാരമാണ് ശക്തികുളങ്ങര തുറമുഖത്ത് നിന്നും മൽസ്യബന്ധനത്തിനായി ബോട്ടുകൾ പുറം കടലിലേക്ക് പോയത്.
പുലർച്ചെ യോടെ ബോട്ടുകൾ കടലിൽ പോയി തുടങ്ങി. ജില്ലയിലെ തുറമുഖങ്ങളിൽ വ്യാപകമായ കോവിഡ് മാനദണ്ഡ ലംഘനങ്ങൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ തുറമുഖങ്ങളുടെയും അവയോടനുബന്ധിച്ചുള്ള ലേല ഹാളുകളുടെയും പ്രവർത്തനം പൂർണമായി നിരോധിച്ചിരുന്നു.
എന്നാൽ ഇവയുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിനെ കുറിച്ച് നടന്ന ജില്ലാ അവലോകന യോഗത്തിലെടുത്ത തീരുമാനപ്രകാരം നീണ്ടകരയിലൊഴികെയുള്ള തുറമുഖങ്ങളിൽ പ്രവർത്തനാനുമതിനൽകുകയായിരുന്നു.
ഹാർബറുകളിൽ പ്രവേശിക്കുന്നതിന് പ്രവേശന കവാടത്തിൽ ആവശ്യമായ നിയന്ത്രണങ്ങൾ ഹാർബറിനുള്ളിൽ പ്രവർത്തിക്കുന്ന പോലീസ് കൺട്രോൾ റൂമിന്റെ നിർദേശാനുസരണം നടപ്പിലാക്കും. ദിവസവും എത്തുന്ന ട്രേഡ് യൂണിയൻ തൊഴിലാളികളുടെ എണ്ണം നിയന്ത്രിക്കും.
ഹാർബറിനുള്ളിലെ വ്യാപാര സ്ഥാപനങ്ങൾ അവശ്യ വിഭാഗത്തിൽ പെട്ടവ മാത്രമേ പ്രവർത്തിക്കാവൂ, ശക്തികുളങ്ങര ഹാർബറിൽ മൂന്നു ലേല ഹാളുകകൾക്ക് പുറമെ ഹാർബർ വാർഫിന്റെ സ്ഥലംപൂർണമായും മൽസ്യ വിപണനത്തിന് ഉപയോഗപ്പെടുത്തുവാൻ കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്.
വിപണന സമയം പുലർച്ചെ നാലുമുതൽ വൈകുന്നേരം നാലുവരെയായി ക്രമപ്പെടുത്തി.ഗാർഹിക ഉപഭോക്താക്കളെ പൂർണമായും ഒഴുവാക്കിയിട്ടുണ്ട്.ഹാർബറും പരിസരവും ലേല ഹാളും അണുനാശിനി ഉപയോഗിച്ച് ശുചീകരണം നടത്തിയിരുന്നു.
ലേലവും ഒഴിവാക്കി തൂക്കി വില്പന മാത്രമാണുള്ളത്. കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമെ അകത്തേക്ക് കടത്തിവിടുകയുള്ളു. കോവിഡ് അതി വ്യാപന സോണുകളിൽ നിന്നും വരുന്നവർക്ക് പ്രവേശനം നിഷേധിക്കുക തുടങ്ങിയ കർശന നിയന്ത്രണങ്ങളോടെയായിരിക്കും ഹാർബറുകളുടെ പ്രവർത്തനം