കൊല്ലം ആശുപത്രികളിലെ അടിസ്ഥാന വിഭാഗം ജീവനക്കാരെ പരിഷ്ക്കരിച്ചയൂണിഫോം ധരിക്കാൻ അനുവദിക്കണമെന്ന് കേരള ഗവ.ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ (കെജിഎച്ച്ഇഎ) ആവശ്യപ്പെട്ടു.സർക്കാർ യൂണിഫോം നിശ്ചയിച്ച് ഉത്തരവിറക്കിയെങ്കിലും മേലധികാരികൾ യൂണിഫോം ധരിക്കാൻ അനുവദിക്കാത്ത സ്ഥിതിയാണുള്ളത്.
സർക്കാർ ആശുപത്രികളിൽ ജോലിചെയ്യുന്ന വനിതാ ജീവനക്കാരുടെ യൂണിഫോം പരിഷ്ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സമരപരിപാടികൾ നടത്തിയതിനെതുടർന്നാണ് കഴിഞ്ഞവർഷം വനിതാജീവനക്കാരുടെ യൂണിഫോം പരിഷ്ക്കരിച്ച് ചുരിദാറും ഓവർക്കോട്ടും ധരിക്കാൻ ഉത്തരവിറക്കിയത്.
ഇതേ ഉത്തരവിൽ തന്നെ മൂന്ന് നൈറ്റ് ഡ്യൂട്ടിയും ഒര ുഓഫും, അത് കഴിഞ്ഞ് മൂന്ന് ഡേ ഡ്യൂട്ടികൂടി ചെയ്തതിനുശേഷം വീക്കിലി ഓഫും അനുവദിച്ച് നൽകാവുന്നതാണെന്നും അറിയിച്ചിരുന്നു. ഇതും അടിസ്ഥാന വിഭാഗം ജീവനക്കാർക്ക് നിഷേധിച്ചുകൊണ്ട് നഴ്സുമാർക്ക് നൽകുകയും ചെയ്യുന്നു.
അടിസ്ഥാന വിഭാഗം ജീവനക്കാരെ അവഗണിച്ച് ഉത്തരവ് നടപ്പാക്കാതെ ആശുപത്രികളിലെ മേലധികാരികൾ ഭീഷണിപ്പെടുത്തി പരിഷ്ക്കരിച്ച് യൂണിഫോണം ധരിക്കാനുള്ള അവകാശം നിഷേധിക്കുകയാണെന്നും അസോസിയേഷൻ ആരോപിച്ചു. ഈ നിലപാടുകൾ തുടർന്നാൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.
യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് സി.എ കുമാരി, വിളവൂർക്കൽ മോഹനൻ, സുകേശൻ ചൂലിക്കാട്,എസ്.സജീവ്, ജോസഫ് രാജ്, കെ.ശകുന്തള, ടി.അജികുമാർ , പി.കെ സരസ്വതി തുടങ്ങിയവർ പ്രസംഗിച്ചു.