കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളുടെ അറസ്റ്റ് രേപ്പെടുത്തി. മുഖ്യപ്രതി ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ. പത്മകുമാർ (52), ഭാര്യ എം.ആർ. അനിതകുമാരി (45), മകൾ പി. അനുപമ (20) എന്നിവരാണ് അറസ്റ്റിലായത്.
അടൂരിലെ കെഎപി ക്യാമ്പിൽ ഇന്നലെ വൈകുന്നേരം ആരംഭിച്ച ചോദ്യംചെയ്യൽ ഇന്നു പുലർച്ചെ മൂന്നിന് അവസാനിച്ചശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എഡിജിപി എം.ആർ. അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. രണ്ടാംഘട്ട ചോദ്യം ചെയ്യൽ തുടരുകയാണ്.
ചോദ്യം ചെയ്യലിനുശേഷം കെഎപി ക്യാമ്പിൽനിന്നു പൂയപ്പള്ളി പോലീസ് സ്റ്റേഷനിലേക്കു പ്രതികളെ കൊണ്ടുവരും. അവിടെയാണ് ഈ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. റിമാൻഡ് റിപ്പോർട്ട് തയാറാക്കിയ ശേഷം പ്രതികളെ ഉച്ചയോടെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും.
പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനുള്ള അപേക്ഷയും ഇന്നുതന്നെ അന്വേഷണസംഘം കോടതിയിൽ നൽകും. തമിഴ്നാട്ടിലെ തെങ്കാശിയിൽനിന്ന് ഇന്നലെ ഉച്ചകഴിഞ്ഞാണ് മൂവരെയും അറസ്റ്റ് ചെയ്തത്. പത്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവരെ ഒരുമിച്ചിരുത്തിയും ഒറ്റയ്ക്കും ചോദ്യംചെയ്തു. മൂന്നുപേരുടെയും മൊഴികളിൽ വൈരുധ്യങ്ങൾ ഉണ്ടെന്ന് പോലീസ് പറയുന്നു.
കുട്ടിയെ തട്ടിക്കൊണ്ട് പോയപ്പോൾ കാറിലുണ്ടായിരുന്ന നാലാമനെയും മറ്റ് കൂട്ടുപ്രതികളെയും പ്രാദേശികമായി സഹായം നൽകുന്നവരെയും കണ്ടെത്തുന്നതിനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.
കുട്ടിയുടെ സഹോദരനെയും തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നതായി പദ്മകുമാർ മൊഴി നൽകിയിട്ടുണ്ട്. തട്ടിക്കൊണ്ട് വന്ന കുട്ടിയെ ചിറക്കരയിലെ ഫാം ഹൗസിലാണ് രാത്രി പാർപ്പിച്ചത്. അതിനു ശേഷം കുട്ടിയെ മറ്റെവിടെയെങ്കിലും കൊണ്ടുപോയിരുന്നോ എന്ന കാര്യവും പോലീസ് അന്വേഷിച്ച് വരികയാണ്.
കുട്ടിയെ തട്ടിക്കൊണ്ടുപോയശേഷം പാരിപ്പള്ളി കുളമടയിലെ കടയിലെത്തി കുട്ടിയുടെ രക്ഷിതാക്കളെ ഫോണിൽ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത് പദ്മകുമാറിന്റെ ഭാര്യ അനിതയാണ്. ഈ ശബ്ദം അനിതയെ അടുത്ത് അറിയാവുന്നവർ തിരിച്ചറിഞ്ഞിട്ടുണ്ട്. തട്ടിക്കൊണ്ടുപോകുന്നതിന് ക്വട്ടേഷൻ സംഘത്തിന്റെ സഹായം ലഭിച്ചുവെന്നാണ് പോലീസ് നിഗമനം. ഇവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണങ്ങളും പുരോഗമിക്കുന്നു.
തട്ടിക്കൊണ്ടുപോകലിന്റെ ആസൂത്രണത്തിൽ തനിക്ക് മാത്രമാണ് പങ്ക് എന്നായിരുന്നു പദ്മകുമാർ ആദ്യം നൽകിയ മൊഴി. ഭാര്യയ്ക്കും മകൾക്കും ബന്ധമില്ലന്നും പറഞ്ഞു. തന്റെ മകൾക്ക് വിദേശത്ത് നഴ്സിംഗ് അഡ്മിഷൻ ലഭിക്കുന്നതിന് കുട്ടിയുടെ പിതാവ് റെജി അഞ്ച് ലക്ഷം രൂപ വാങ്ങിയിരുന്നു. പക്ഷേ അഡ്മിഷൻ ലഭിച്ചില്ല.
പണം തിരികെ ചോദിച്ചപ്പോൾ ധിക്കാര സ്വരത്തിലായിരുന്നു മറുപടി. പിന്നീട് അത് ഭീഷണിക്കു വഴിമാറി. ഇതിന്റെ വൈരാഗ്യം തീർക്കാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാൻ തീരുമാനിച്ചതെന്നാണ് മൊഴി. തനിക്ക് അഞ്ച് കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്നും പദ്മകുമാർ പറഞ്ഞു. വസ്തുക്കൾ വിറ്റാൽ ആറ് കോടി രൂപയിലധി കിട്ടും. എന്നാൽ എത്ര ശ്രമിച്ചിട്ടും വിൽപ്പന നടക്കുന്നില്ല.
എത്രയും വേഗം പണം വേണമെന്ന ചിന്തയും തട്ടിക്കൊണ്ട് പോകലിന് പ്രേരിപ്പിച്ചു. ഇതിനായി ഒരു വർഷത്തോളം ആസൂത്രണം നടത്തിയതായും പദ്മകുമാർ വെളിപ്പെടുത്തിയെന്നാണു റിപ്പോർട്ട്. സംഭവത്തിന് മാധ്യമങ്ങളിൽ വൻ പ്രചാരണം ഉണ്ടായതോടെയാണ് കുട്ടിയെ ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്നും മൊഴിയിലുണ്ട്.
കസ്റ്റഡിയിലുള്ളവരെ കുട്ടിയെ നേരിട്ട് കാണിച്ച് മൊഴിയെടുക്കുന്നതിനും പോലീസ് ആലോചിക്കുന്നു. ഇതിന്റെ നിയമപരമായ സാധ്യതകൾ പോലീസ് പരിശോധിച്ചുവരികയാണ്. പദ്മകുമാറിന്റെയും കുടുംബത്തിന്റെയും ബാങ്ക് ഇടപാടുകൾ പോലീസ് ഇന്ന് വിശദമായി പരിശോധിക്കും.
സാമ്പത്തിക ബാധ്യതകൾ ഉണ്ടെന്ന് ഇയാൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണിത്. മാത്രമല്ല ഇയാളുടെ ഫോൺ കോളുകളും വിശദമായി പരിശോധിക്കും. കുട്ടിയുടെ പിതാവുമായി കൂടുതൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നോ എന്ന് കാര്യത്തിലും അന്വേഷണം ഉണ്ടാകും.
കുട്ടിയുടെ പിതാവിൽനിന്ന് ഇന്നലെ കൊട്ടാരക്കരയിൽനിന്നുള്ള പോലീസ് സംഘം വീണ്ടും മൊഴിയെടുത്തു. മൊഴിയെടുക്കൽ മൂന്നര മണിക്കൂർ നീണ്ടു. മൊഴിയെടുക്കാൻ റൂറൽ പോലീസ് ആസ്ഥാനത്ത് എത്തണമെന്ന് ഉദ്യോഗസ്ഥർ നിർദേശിച്ചിരുന്നു. പക്ഷേ അനാരോഗ്യം പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി.
തുടർന്ന് പോലീസ് സംഘം വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. പദ്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ചില രഹസ്യങ്ങളുടെ ചുരുൾ അഴിയേണ്ടതുണ്ട്. അതിനായി നോട്ടീസ് നൽകി റെജിയെ ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണം വിളിപ്പിക്കുമെന്നാണ് വിവരം.
എസ്.ആർ. സുധീർ കുമാർ