കൊല്ലം: കൊല്ലത്തുനിന്ന് ലക്ഷദ്വീപിലേക്കു യാത്രാക്കപ്പൽ ആരംഭിക്കുന്നത് അധികൃതരുടെ സജീവ പരിഗണനയിൽ.ഇതുകൂടാതെ കൊല്ലം തുറമുഖത്തുനിന്ന് മാലിദ്വീപിലേക്കും ലക്ഷദ്വീപിലേക്കും ചരക്ക് കപ്പൽ സർവീസ് ആരംഭിക്കുന്ന കാര്യത്തിലും അധികൃതർ പ്രാരംഭ നടപടികൾ തുടങ്ങി. ചരക്ക് കപ്പൽ സർവീസിനായിരിക്കും പ്രഥമ പരിഗണന നൽകുക.
കൊല്ലവും ലക്ഷദ്വീപുമായുള്ള അകലം കുറവും അനുകൂലമായ മറ്റ് ചില സാഹചര്യങ്ങളുമാണ് യാത്രാക്കപ്പൽ തുടങ്ങുന്ന കാര്യവും അതിനുള്ള സാധ്യതകൾ പരിശോധിക്കാനും അധികൃതരെ പ്രേരിപ്പിക്കുന്ന ഘടകം.ഇതുമായി ബന്ധപ്പെട്ടുള്ള അവസരങ്ങൾ പരിചയപ്പെടുക്കുന്നതിനും വിശദമായ ചർച്ചകൾക്കുമായി നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് നീണ്ടകരയിലെ മാരിടൈം ഇൻസ്റ്റിട്യൂട്ടിൽ പ്രത്യേക യോഗം ചേരും. ഉച്ചകോടി എന്നാണ് യോഗത്തിന് അധികൃതർ പേരിട്ടിരിക്കുന്നത്.
തുറമുഖ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ മേഖലകളിലെ സംരഭകരും യോഗത്തിൽ പങ്കെടുക്കും. സംരഭകരുടെ സംശയങ്ങൾ ദുരീകരിക്കുന്നതിനും അവസരം ഏർപ്പെടുത്തിയിട്ടുണ്ട്.കൊല്ലത്ത് ഇമിഗ്രേഷൻ ചെക്ക് പോസ്റ്റ് യാഥാർഥ്യമായതോടെ ചരക്ക് കപ്പലുകൾക്കും യാത്രാ കപ്പലുകൾക്ക് ഇവിടെ എത്തി തിരികെ പോകുന്നതിനുള്ള തടസങ്ങൾ എല്ലാം മാറിയിട്ടുമുണ്ട്. ഇതുകൂടി കണക്കിലെടുക്കാണ് സംസ്ഥാന സർക്കാർ മുൻകൈ എടുത്ത് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ചേർത്തിട്ടുള്ളത്.
മാരിടൈം ബോർഡിന്റെ കീഴിലുള്ള നോൺ മേജർ തുറമുഖങ്ങളിൽ ഏറ്റവും ആഴം കൂടിയ തുറമുഖമാണ് കൊല്ലം. നിലവിൽ ഏഴുമീറ്റർ ആഴമുണ്ട്.മാത്രമല്ല 101 മീറ്റർ നീളമുള്ള പാസഞ്ചർ ബർക്കും 187 മീറ്റർ നീളമുള്ള കാർഗോ ബർത്തും കൊല്ലത്തിനുണ്ട്.ആധുനിക രീതിയിലുള്ള കണ്ടെയ്നർ യാർഡ്, ഗോഡൗൺ എന്നിവയും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. 40 ടൺ വരെയുള്ള ചരക്കുകൾ കൈകാര്യം ചെയ്യാനുള്ള ക്രെയിനും സമ്പൂർണ സജ്ജമാണ്.
കൊല്ലം തുറമുഖത്ത് പുതുതായി പണികഴിപ്പിച്ച ഭരണ നിർവഹണ ഓഫീസ്, പാഴ്സൽ ആൻഡ് ഷിപ്പിംഗ് ഓഫീസ്, മെക്കാനിക്കൽ എൻജിനീയറിംഗ് ഓഫീസ് തുടങ്ങിയവയുടെ ഉദ്ഘാടനം ഉടൻ നടക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇവ കൂടി പ്രവർത്തനം ആരംഭിക്കുന്നതോടെ തുറമുഖത്തിന്റെ വികസനത്തിൽ വൻ കുതിച്ചുചാട്ടം തന്നെ ഉണ്ടാകും.
തുറമുഖം വഴി കശുവണ്ടി ഇറക്കുമതി നടത്തുന്നതിനുള്ള സാധ്യതകളും നാളത്തെ യോഗം വിശകലനം ചെയ്യും. ഇതിനായി കശുവണ്ടി വ്യവസായ രംഗത്തെ പ്രമുഖരും യോഗത്തിൽ പങ്കെടുക്കും.കടലിൽ വിനോദ സഞ്ചാര സൗകര്യങ്ങൾ ഒരുക്കുന്നതും തുറമുഖ വകുപ്പ് അധികൃതരുടെ പരിഗണയിൽ ഉണ്ട്. ഇക്കാര്യവും യോഗം വിശദമായി ചർച്ച ചെയ്യും.
- എസ്.ആർ. സുധീർ കുമാർ