കൊല്ലം: കൊല്ലത്തുനിന്നു ചെങ്കോട്ട വഴി മധുരയ്ക്ക് വന്ദേഭാരത് എക്സ്പ്രസ് സർവീസ് നടത്തുന്നത് റെയിൽവേ ബോർഡിന്റെ പരിഗണനയിൽ. വരുമാനത്തിലടക്കം സർവീസ് ഗുണകരമാകുമോ എന്ന കാര്യത്തിൽ അധികൃതരുടെ ഭാഗത്ത് നിന്ന് വിവരശേഖരണവും തയാറെടുപ്പുകളും തുടങ്ങി കഴിഞ്ഞു.
അടുത്തിടെ ദക്ഷിണ റെയിൽവേയ്ക്ക് അനുവദിച്ച എട്ട് കോച്ചുകളുള്ള ഒരു വന്ദേഭാരത് എക്സ്പ്രസ് അനുവദിച്ചിരുന്നു. ഇത് ബംഗളൂരൂ -എറണാകുളം റൂട്ടിൽ സർവീസ് നടത്താനാണ് അധികൃതർ ആലോചിച്ചത്. ചില സാങ്കേതിക തടസങ്ങൾ ചൂണ്ടിക്കാട്ടി പ്രസ്തുത നീക്കം റെയിൽവേ താത്ക്കാലികമായി ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ബംഗളൂരു-എറണാകുളം റൂട്ടിലെ സ്വകാര്യ ബസ് ലോബിയാണ് അട്ടിമറിക്ക് പിന്നിലെന്ന ആക്ഷേപം ശക്തമാണ്.
ബംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് നിർദേശിക്കപ്പെട്ട വന്ദേഭാരത് കൊല്ലം, കൊച്ചുവേളി, തിരുവനന്തപുരം ഭാഗത്തേക്ക് നീട്ടണമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് അടക്കമുള്ള യാത്രക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടെങ്കിലും അതും പരിഗണിക്കപ്പെട്ടില്ല. കേരളത്തിനായി അനുവദിക്കപ്പെട്ട എട്ടു കോച്ചുകൾ ഉള്ള വന്ദേഭാരത് എക്സ്പ്രസ് കഴിഞ്ഞ മൂന്നാഴ്ചയിൽ അധികമായി കൊല്ലം റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്രവേശന കവാടത്തിന് സമീപമുള്ള ഒഴിഞ്ഞ ട്രാക്കിൽ നിർത്തിയിട്ടിരിക്കയാണ്.
ഈ സാഹചര്യത്തിലാണ് കൊല്ലം-മധുര വന്ദേ ഭാരത് എന്ന ആശയം അധികൃതർ പരിഗണിക്കുന്നത്. കൊല്ലത്തുനിന്നു ചെങ്കോട്ട വഴി മധുരയ്ക്ക് പോകാൻ 267 കിലോമീറ്റർ ദൈർഘ്യമുണ്ട്. ഏഴ് മണിക്കൂറാണ് എക്സ്പ്രസ് ട്രെയിനുകളുടെ യാത്രാ സമയം. വന്ദേഭാരത് ആകുമ്പോൾ സമയത്തിൽ കുറച്ചുകൂടി മാറ്റവും ഉണ്ടാകും. ഈ റൂട്ടിൽ എട്ട് കൊച്ചുകൾ ഉള്ള വന്ദേഭാരത് എക്സ്പ്രസ് ഓടിക്കുന്നതിന് സാങ്കേതിക തടസങ്ങൾ ഒന്നുമില്ല.
സമീപകാലത്ത് വരെ ഈ മേഖലയിൽ ഓടിയിരുന്ന വണ്ടികളിൽ 14 കോച്ചുകളാണ് ഉണ്ടായിരുന്നത്. ഈ മാസം ആറു മുതൽ കോച്ചുകളുടെ എണ്ണം 18 ആയി ഉയർത്തുകയും ചെയ്തു. മധുര-കൊല്ലം റൂട്ടിൽ വന്ദേഭാരത് എക്സ്പ്രസ് സർവീസ് നടത്തിയാൽ ആവശ്യത്തിന് യാത്രക്കാർ ഉണ്ടാകുമോയെന്ന കാര്യത്തിൽ അധികൃതർക്ക് ആശങ്കയുണ്ട്.
സർവീസ് ലാഭകരമല്ലെങ്കിൽ പിന്നീട് ഉപേക്ഷിക്കേണ്ടതായും വരും. ഇത് കൂടി കണക്കിലെടുത്ത് സർവീസ് തിരുവനന്തപുരംവരെ നീട്ടുന്ന കാര്യവും അധികൃതർ പരിഗണിക്കുന്നുണ്ട്. കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് മാറ്റി ക്കൊണ്ട് പോകാനുള്ള സാധ്യതയും വിദൂരമല്ല.
എസ്.ആർ. സുധീർ കുമാർ