കൊല്ലം: കൊല്ലം -എറണാകുളം പാതയിൽ ഏഴു മുതൽ ആരംഭിക്കുന്ന അൺ റിസർവ്ഡ് സ്പെഷൽ ട്രെയിനിന്റെ സർവീസ് കാലാവധി വെട്ടിച്ചുരുക്കി റെയിൽവേ അധികൃതർ. തിങ്കൾ മുതൽ വെള്ളി വരെ ആഴ്ചയിൽ അഞ്ച് ദിവസം വീതം ഇരുദിശകളിലുമായി 2025 ജനുവരി മൂന്നുവരെ 73 ട്രിപ്പുകൾ നടത്തുമെന്നാണ് കഴിഞ്ഞ ദിവസം ദക്ഷിണ റെയിൽവേയുടെ അറിയിപ്പിൽ പറഞ്ഞിരുന്നത്.
എന്നാൽ ഇന്നലെ ഈ മെമുവിന്റെ സ്റ്റോപ്പുകളും സമയക്രമവും നിശ്ചയിച്ചുള്ള അറിയിപ്പിലാണ് സർവീസുകൾ നവംബർ 29 വരെയെയുള്ളൂ വ്യക്തമാക്കിയിട്ടുള്ളത്. ഇരുദിശകളിലുമായി 40 ട്രിപ്പുകൾ മാത്രമാണ് നിശ്ചയിച്ചിട്ടുള്ളത്. പകുതിയോളം ട്രിപ്പുകളാണ് ഒറ്റ ദിവസം കൊണ്ട് കുറച്ചിട്ടുള്ളത്. മാത്രമല്ല അതിനു ശേഷം സർവീസ് നീട്ടുന്ന കാര്യം പരാമർശിക്കുന്നുമില്ല.
ഉത്സവകാല സ്പെഷൽ ട്രെയിനിന്റെ ഗണത്തിലാണ് പുതിയ മെമുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല കൊല്ലത്തിനും എറണാകുളത്തിനും മധ്യേ എല്ലാ സ്റ്റേഷനുകളിലും പുതിയ മെമുവിന് സ്റ്റോപ്പും നൽകിയിട്ടില്ല. എക്സ്പ്രസ് ട്രെയിനിന് സമാനമായ സ്റ്റോപ്പുകളാണ് നിശ്ചയിച്ചിരിക്കുന്നത്.
ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുള്ളത്. യാത്രക്കാരുടെ നല്ല തിരക്കുള്ള ചില സ്റ്റേഷനുകളെ സ്റ്റോപ്പിന്റെ കാര്യത്തിൽ അവഗണിച്ചതായും ആക്ഷേപം ഉയർന്നിട്ടുണ്ട്. മിനിമം ടിക്കറ്റ് ചാർജ് 10 രൂപ മാത്രമാണെന്നുള്ളത് മാത്രമാണ് യാത്രക്കാരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസത്തിന് വക നൽകുന്ന കാര്യം.
പുനലൂരിൽനിന്ന് കൊല്ലം വഴി എറണാകുളത്തിന് സ്ഥിരം മെമു സർവീസ് ആരംഭിക്കുന്നത് സജീവ പരിഗണനയിൽ ആണെന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നത്. അതു കൊണ്ടാണ് ഇപ്പോഴത്തെ കൊല്ലം -എറണാകുളം മെമുവിന്റെ സർവീസ് കാലാവധി കുറച്ചത്.ആവശ്യത്തിന് റേക്കുകൾ ലഭിച്ചാൽ പുനലൂർ-എറണാകുളം സർവീസ് എത്രയും വേഗം ആരംഭിക്കും. അതിന് സാധിച്ചില്ലെങ്കിൽ കൊല്ലം-എറണാകുളം മെമുവിന്റെ കാലാവധി നീട്ടുമെന്നുമാണ് ദക്ഷിണ റെയിൽവേ അധികൃതർ ആവർത്തിച്ച് വ്യക്തമാക്കുന്നത്.
താംബരം-കൊച്ചുവേളി പ്രതിവാര സ്പെഷൽ ട്രെയിൻ 11 മുതൽ
കൊല്ലം: താംബരത്ത് നിന്ന് പുനലൂർ വഴി കൊച്ചുവേളിയിലേയ്ക്ക് (06035/06036) ഉത്സവകാല പ്രതിവാര സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. താംബരം-കൊച്ചുവേളി സർവീസ് 11 മുതൽ 27 വരെ വെള്ളിയാഴ്ചകളിലാണ് സർവീസ് നടത്തുക. തിരികെയുള്ള സർവീസ് 13 മുതൽ 29 വരെ ഞായറാഴ്ചകളിലുമാണ് ഓടുക.
16 എൽഎച്ച്ബി ഏസി കോച്ചുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ ഈ ട്രെയിന് തെന്മല, പുനലൂർ, ആവണീശ്വരം, കൊട്ടാരക്കര, കുണ്ടറ, കൊല്ലം എന്നീ സ്റ്റേഷനുകളിൽ ആണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. താംബരത്ത് നിന്ന് രാത്രി 7.30 ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 11.30 ന് കൊച്ചുവേളിയിൽ എത്തും.
തിരികെയുള്ള സർവീസ് കൊച്ചുവേളിയിൽ നിന്ന് ഉച്ചകഴിഞ്ഞ് 3.25 ന് യാത്ര തിരിച്ച് പിറ്റേ ദിവസം രാവിലെ 7.35 ന് താംബരത്ത് എത്തും. അഡ്വാൻസ് ബുക്കിംഗ് ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.
എസ്.ആർ. സുധീർ കുമാർ