കൊല്ലം: നഗരമധ്യത്തിലെ വീട്ടിൽ പിതാവും രണ്ടു മക്കളും മരിച്ച നിലയിൽ. മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കിയതാകാമെന്നാണു നിഗമനം. പോസ്റ്റ്മോർട്ടത്തിനുശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുവെന്ന് പോലീസ് പറഞ്ഞു.
പട്ടത്താനം ചെമ്പകശേരി ജവഹർ 81-ൽ ജോസ് പ്രമോദ് (41), മക്കളായ ദേവനാരായണൻ (ഒമ്പത്), ദേവനന്ദ (നാല്) എന്നിവരെയാണു മരിച്ചനിലയിൽ കാണപ്പെട്ടത്.
വീട്ടിൽ അച്ഛനും മക്കളും മാത്രമായിരുന്നു താമസം. മക്കൾ രണ്ടു പേരും സ്റ്റെയർ കേസിൽ തൂങ്ങി മരിച്ച നിലയിലും ജോസ് പ്രമോദിന്റെ മൃതദേഹം മുറിക്കുള്ളിൽ തൂങ്ങിയ നിലയിലുമാണ് കണ്ടത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നു കരുതുന്നു.
മരണത്തിനു പിന്നിൽ കുടുംബ വഴക്കാണെന്ന സംശയവും പോലീസിനുണ്ട്. ജോസ് പ്രമോദിന്റെ ഭാര്യ ഡോക്ടറാണ്. ഇരുവരും തമ്മിൽ വർഷങ്ങളായി അകന്നു കഴിയുകയാണ്. ഇരുവരെയും ഒന്നിപ്പിക്കാൻ അടുത്തിടെ ചില ബന്ധുക്കൾ ഇടപെട്ട് മധ്യസ്ഥ ചർച്ചകൾ നടന്നുവെങ്കിലും വിജയം കണ്ടില്ല. ഭാര്യ ഉപരി പഠനാർഥം കൊല്ലം എസ്എൻ കോളജിന് സമീപത്തെ ഹോസ്റ്റലിലാണ് താമസം.