കൊല്ലം: ഓച്ചിറയില്‍ നിന്ന് തട്ടിക്കൊണ്ട് പോയ നാടോടി പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് വൈദ്യപരിശോധനാ റിപ്പോര്‍ട്ട്. കേസിൽ ഒന്നാംപ്രതി മുഹമ്മദ് റോഷനെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയെ ഇന്ന് ശിശുസംരക്ഷണസമിതിക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു.
മുംബൈ പനവേലിൽ നിന്ന് ചൊവ്വാഴ്ചയാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. പനവേൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരേയും കോടതിയിൽ നിന്നു ട്രാൻസിറ്റ് വാറന്റ് വാങ്ങിയാണ് കേരളത്തിലെത്തിച്ചത്.
പെൺകുട്ടിയുടെ പ്രായം സംബന്ധിച്ചു സംശയം നിലനിൽക്കുന്നതിനാൽ പോലീസ് ആവശ്യപ്പെട്ടതുപ്രകാരം രാജസ്ഥാനിലെ രാം പുര സ്കൂളിൽ നിന്നു നൽകിയ ടിസി പെൺകുട്ടിയുടെ പിതാവ് ഹാജരാക്കി. അതിൽ പെൺകുട്ടിയുടെ ജനന തീയതി 2001 സെപ്റ്റംബർ 17 എന്നാണ് രേഖപ്പെടുത്തിയിട്ടുളളത്. ഇതനുസരിച്ചു കുട്ടിക്ക് പതിനേഴര വയസേ ആയിട്ടുള്ളൂ.
സർട്ടിഫിക്കറ്റിന്റെ ആധികാരികത ബോധ്യപ്പെടേണ്ടതായിട്ടുണ്ടെന്നും എന്നിരുന്നാലും ലഭ്യമായ തെളിവുകൾ വെച്ച് പെൺകുട്ടിക്ക് പ്രായപൂർത്തി ആകാത്തതിനാൽ മുഖ്യ പ്രതിക്കെതിരെ പോക്സോ വകുപ്പു പ്രകാരം കേസെടുക്കുമെന്നും കരുനാഗപ്പള്ളി എസിപി ആർ അരുൺ കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
കേസിലെ മറ്റ് മൂന്നു പ്രതികളായ പ്യാരി, അനന്തു, വിപിൻ എന്നിരെ കോടതി നേരത്തേ റിമാൻഡു ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി അവരിപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.