കൊല്ലം: ഓയൂരിൽനിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പദ്മകുമാറിന്റെ ചോദ്യംചെയ്യൽ ശനിയാഴ്ച പുലർച്ചെ മൂന്ന് വരെ നീണ്ടു.
അടൂർ കെഎപി മൂന്നാം ബറ്റാലിയൻ ക്യാമ്പിലായിരുന്നു ചോദ്യം ചെയ്യൽ. എഡിജിപി, ക്യാമ്പിൽ തന്നെ തുടരുകയാണ്. മറ്റ് ഉദ്യോഗസ്ഥർക്ക് രാവിലെ തിരികെ എത്താൻ നിർദേശം നൽകിയതായാണ് വിവരം.
വെള്ളിയാഴ്ച രാത്രി 9.30ന് എഡിജിപി എം.ആർ. അജിത്കുമാർ മാധ്യമങ്ങളെ കാണുമെന്ന് നേരത്തെ പോലീസ് അറിയിച്ചിരുന്നു. എന്നാൽ, ചോദ്യചെയ്യൽ നീണ്ടതോടെ വാർത്താസമ്മേളനം ഒഴിവാക്കുകയായിരുന്നു.
അതേ സമയം പദ്മകുമാറിന്റെ മൊഴികളിലെ വൈരുധ്യം പോലീസിനെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. അതിനാൽത്തന്നെ ഇയാളുടെ മൊഴി വിശ്വാസത്തിലെടുക്കാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.
പോലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണോ മൊഴികൾക്ക് പിന്നിലെന്ന സംശയവും ഉദ്യോഗസ്ഥർക്കുണ്ട്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ തമിഴ്നാട് അതിർത്തിയിൽ ചെങ്കോട്ടയ്ക്കടുത്ത് പുളിയറയിൽനിന്നാണ് ചാത്തന്നൂർ മാമ്പള്ളികുന്നം കവിതാരാജിൽ പദ്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവർ പോലീസിന്റെ പിടിയിലാകുന്നത്.
പുളിയറയിലുള്ള ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ആറുവയസ്സുകാരി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് തയ്യാറാക്കിയ രേഖാചിത്രവുമായി സാമ്യമുള്ളവരെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണമാണ് പദ്മകുമാറിലെത്തിയത്.
മകളുടെ നഴ്സിംഗ് പ്രവേശനത്തിനായി റെജിക്ക് അഞ്ചുലക്ഷം രൂപ നൽകിയിരുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ് കൃത്യത്തിലേക്ക് നയിച്ചതെന്ന് പദ്മകുമാർ പോലീസിനോട് പറഞ്ഞതായാണ് വിവരം.
ബിടെക്. ബിരുദധാരിയായ ഇദ്ദേഹം നേരത്തേ കേബിൾ ടിവി. ബിസിനസ് നടത്തിയിരുന്നു. ഇപ്പോൾ ബേക്കറിയും ഫാമും ഉണ്ട്. കുട്ടിയുടെ പിതാവ് റെജിയുമായി മറ്റ് എന്തെങ്കിലും സാമ്പത്തിക ഇടപാടോ വിരോധമോ ഉണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
ആദ്യം ഫാംഹൗസിലെത്തിയെങ്കിലും പിന്നീട് ചാത്തന്നൂരിലെ വീട്ടിലേക്കാണ് കുട്ടിയെ കൊണ്ടുപോയതെന്നും സംഭവം വലിയ വാർത്തയായതോടെ കുട്ടിയെ കൊല്ലം അശ്രാമം മൈതാനത്ത് കൊണ്ടു വിടുകയാണെന്ന് ഇയാൾ പറഞ്ഞുവെന്നാണ് വിവരം.
പദ്മകുമാർ ബുധൻ,വ്യാഴം ദിവസങ്ങളിൽ ഫാംഹൗസിൽ വന്നിരുന്നുവെന്ന് ഫാം ഹൗസ് ജീവനക്കാരും വെളിപ്പെടുത്തിയിട്ടുണ്ട്.