കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതികളായ പദ്മകുമാർ, ഭാര്യ അനിത കുമാരി, മകൾ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പദ്മകുമാർ (52), ഭാര്യ എം.ആർ.അനിതകുമാരി (45), മകൾ പി.അനുപമ (20) എന്നിവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന. അടൂർ കെഎപി ക്യാമ്പിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തുടരുന്നു. പത്ത് മണിക്കുറിലധികം പ്രതികളെ അടൂർ കെഎപി മൂന്നാം ബറ്റാലിയൻ ക്യാംപില് വച്ചു ചോദ്യം ചെയ്തു. എഡിജിപിയും ഡിഐജിയും ക്യാംപിൽ തന്നെ തുടരുകയാണ്.
പദ്മകുമാറും ഭാര്യയും കുട്ടിയുമായി ചിന്നക്കടയിലൂടെ നീലക്കാറിൽ എത്തുകയും ലിങ്ക് റോഡിൽ ഭാര്യയെയും കുട്ടിയേയും ഇറക്കി ഇയാൾ ജ്യൂസ് കടയ്ക്കടുത്ത് കാത്തുനിന്നു. ലിങ്ക് റോഡിൽ നിന്ന് ഓട്ടോ പിടിച്ച് അനിതാ കുമാരി കുട്ടിയെ ആശ്രാമം മൈതാനത്തിറക്കി രക്ഷപ്പെടുകയായിരുന്നു. പുലർച്ചെ 3 മൂന്ന് മണി വരെ മൂന്ന് പേരെയും വിശദമായി ചോദ്യം ചെയ്തു. ഇവർ നൽകിയ മൊഴികളിൽ അന്വേഷണ സംഘം ഇന്ന് വ്യക്തത വരുത്തും.
പദ്മകുമാറിന് കുട്ടിയുടെ പിതാവുമായി പണമിടപാട് ഉണ്ടായിരുന്നോ? കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിനു മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ? കേസിൽ പദ്മകുമാറിന്റെ ഭാര്യയുടെയും മകളുടെയും പങ്കെന്താണ്? എവിടെയൊക്കെയാണു കുട്ടിയെ ഒളിപ്പിച്ചത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത കിട്ടിയതിന് ശേഷമേ ഔദ്യോഗിക വിവരങ്ങൾ പോലീസ് പുറത്ത് വിടുകയുള്ളു.
പദ്മകുമാറിന്റെ കൂട്ടാളികളെക്കുറിച്ചുള്ള അന്വേഷണവും തുടരുകയാണ്. അതേസമയം പദ്മകുമാർ പറഞ്ഞ കാര്യങ്ങൾ മാറ്റി പറയുന്നത് സംഘത്തെ കുഴപ്പിക്കുന്നു. ലോൺ ആപ്പ് വഴിയും വായ്പയെടുത്തെന്ന് പദ്മകുമാറിന്റെ മൊഴി.