കൊല്ലം: കുന്നിക്കോട്ട് കുളിമുറിയിൽ അവശനിലയിൽ കണ്ട യുവതി മരിച്ച സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കൾ. സ്ത്രീധനപീഡനമാണ് കാരണമെന്നും ബന്ധുക്കൾ എസ്പിക്ക് പരാതി നൽകിയ പരാതിയിൽ പറയുന്നു.
അതേസമയം വീട്ടമ്മയുടെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള ഭർത്താവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. ഇളന്പൽ കോട്ടവട്ടം താന്നിക്കൽ വീട്ടിൽ ജയമോൾ (32) ആണ് മരിച്ചത്.
ഭർത്താവ് ജോമോൻ മത്തായിക്കെതിരെ ഗാർഹിക പീഡനകേസാവും പോലീസ് ചുമത്തുക. കഴുത്തിൽ ഷാൾ കുരുങ്ങി അവശനിലയിലാണ് ജയമോളെ ഇന്നലെ വൈകുന്നേരത്തോടെ കുളിമുറിയിൽ കാണപ്പെട്ടത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റെയിൽവേയിൽ മസ്ദൂർ ജീവനക്കാരനാണ് ജോമോൻ മത്തായി. ഇയാൾ ഇന്നലെ ഉച്ചയോടെ വീട്ടിലെത്തിയപ്പോൾ ഭാര്യയും ജോമോന്റെ മാതാവും തമ്മിൽ വഴക്കിടുകയായിരുന്നുവെന്നും തുടർന്ന് ജയമോളും ജോമോൻ മത്തായിയും തമ്മിൽ വാക്കേറ്റമുണ്ടായതായും പോലീസ് പറഞ്ഞു.
യുവതിയുടെ മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ജോമോനെതിരെ കേസെടുത്തത്.