കൊല്ലം: കാഞ്ഞിരപ്പള്ളിയിലെ മാങ്ങാ മോഷണത്തിനു ശേഷം കേരള പോലീസിന്റെ മറ്റൊരു വീരഗാഥ കൊല്ലത്തു നിന്നു പുറത്തുവരുന്നു.
സൈനികനെയും സഹോദരനെയും മൂത്രം കുടിപ്പിക്കാൻ പോലീസ് ശ്രമിച്ചുവെന്നാണ് പുതിയ വാർത്ത. കൊല്ലം കിളികൊല്ലൂരിലാണ് സംഭവം.
ഒരു വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിലാണ് സഹോദരങ്ങളും കുടുംബാംഗങ്ങളും പോലീസിൽ നിന്നു തങ്ങൾ നേരിട്ട കൊടിയ പീഡനത്തിന്റെ വിവരങ്ങൾ വെളിപ്പെടുത്തുന്നത്.
എംഡിഎംഎ കേസിലുളളയാളെ ജാമ്യത്തിലിറക്കണമെന്ന് ആവശ്യപ്പെട്ടാണ് വിഘ്നേഷിനെയും സഹോദരന് വിഷ്ണുവിനെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുന്നത്. എന്നാല്‍, അവർ ജാമ്യമെടുക്കാൻ തയാറായില്ല.
തുടർന്ന് പോലീസ് ക്രൂരമായി മർദ്ദിച്ചു. എസ്ഐ അനീഷ്, സിഐ വിനോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മർദ്ദനം. മണികണ്ഠന്, ലോകേഷ് എന്നീ പൊലീസുകാരും മര്‍ദിച്ചു.
സൈനികനായ സഹോദരന്റെ ചൂണ്ടുവിരല്‍ തല്ലിയൊടിച്ചു. വെള്ളം ചോദിച്ചപ്പോൾ മൂത്രം കുടിക്കാന്‍ പൊലീസ് പറഞ്ഞെന്നും സഹോദരങ്ങൾ വെളിപ്പെടുത്തുന്നു.
കേസിൽ കുടുക്കിയ നാലു പൊലീസുകാരെ സ്ഥലം മാറ്റിയിട്ടുണ്ട്. അതേസമയം, പീഡനത്തിനു നേതൃത്വം കൊടുത്ത സിഐ വിനോദിനെതിരേ ഇതുവരെ നടപടിയെടുത്തിട്ടില്ല.