പരവൂർ : കൊല്ലത്തുനിന്ന് രാവിലെ 06.30ന് പുനലൂരിലേക്ക് പോകുന്ന പാസഞ്ചർ ട്രെയിനും 8.40ന് കൊല്ലത്തുനിന്ന് ഇടമണിലേക്ക് പോകുന്ന പാസഞ്ചർ ട്രെയിനും നിർത്തലാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പരവൂർ സജീബ്, ജില്ലാപ്രസിഡന്റ് ടി.പി. ദീപുലാൽ എന്നിവർ ആവശ്യപ്പെട്ടു.
ഈ രണ്ട് പാസഞ്ചർ വണ്ടികൾ പിൻവലിച്ചുകൊണ്ടും ചെങ്കോട്ട – കൊല്ലം പാതയിൽ പുതിയ ക്രമീകരണങ്ങൾ വരുത്തിക്കൊണ്ടും 12ന് റെയിൽവേബോർഡ് പുതിയ ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. പ്രസ്തുത ട്രെയിനുകൾ ചെങ്കോട്ട വരെ നീട്ടുന്നതിന് പകരം സർവ്വീസ് നിർത്തലാക്കുന്നത് ആയിരക്കണക്കിന് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും.
കുണ്ടറ, കൊട്ടാരക്കര, പുനലൂർ, പത്തനാപുരം എന്നീ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികളും ആര്യങ്കാവ് വരെയുള്ള സർക്കാർ ഓഫീസുകളിലെ ജീവനക്കാരും കിഴക്കൻ മേഖലയിലെ വിവിധ ഫാക്ടറികളിലും ജോലി ചെയ്യുന്ന ആളുകളും ആശ്രയിക്കുന്നത് രാവിലെയുള്ള രണ്ട് പാസഞ്ചർ ട്രെയിനുകളെയാണ്.
പുതിയ ക്രമീകരണത്തിൽ രാവിലെ 9.30ന് കൊല്ലത്ത് നിന്ന് തിരിക്കുന്ന മധുര – പുനലൂർ പാസഞ്ചർ ട്രെയിനാണ് പുനലൂർ ഭാഗത്തേക്ക് കൊല്ലത്തു നിന്നും പോകുന്ന ആദ്യട്രെയിൻ. റെയിൽവേയുടെ ഈ തീരുമാനം കടുത്ത ദ്രോഹമാണെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. പുതിയ സമയപ്രകാരം ചെങ്കോട്ട നിന്ന് പുലർച്ചെ 4.45ന് തിരിച്ച് ഒന്പതിന് കൊല്ലത്ത് എത്തുന്ന തരത്തിലുള്ള പുതിയ ട്രെയിൻ ക്രമീകരിച്ചിട്ടുണ്ട്.
പ്രസ്തുത ട്രെയിൻ 7.15നാണ് പുനലൂരു നിന്നും കൊല്ലത്തേക്ക് തിരിക്കുന്നത്. ആ ട്രെയിൻ കുറച്ചുവൈകി ചെങ്കോട്ട നിന്നും പുറപ്പെട്ടാൽ കൊല്ലത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും മറ്റ് ജീവനക്കാർക്കും കൂടുതൽ സൗകര്യപ്രദമായിരിക്കുമെന്നും പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.