കൊല്ലം: റെയിൽവേ സ്റ്റേഷൻ പരിസരത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിലെ പ്രതി തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശി മാഹീൻ ആണെന്ന് സ്ഥിരീകരിച്ചു. റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് തന്നെയാണ് അഞ്ചാലുംമൂട് കാഞ്ഞാവെളി സ്വദേശി അനീസിന് (38) കുത്തേറ്റതെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതിക്കായി പോലീസ് വ്യാപകതെരച്ചിൽ ആരംഭിച്ചു.റെയിൽവേ സ്റ്റേഷൻ പരിസരത്ത് വർഷങ്ങളായി അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന വ്യക്തിയാണ് മാഹീൻ. ഇയാളെ പിടികൂടുന്നതിന് പോലീസ് പല സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.
പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ അതുവഴിയുള്ള അന്വേഷണം വഴിമുട്ടി. സംഭവ ദിവസം ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തുടർന്നാണ് അനീസിന് കുത്തേൽക്കുന്നത്. വാക്കേറ്റത്തിന്റെ കാരണം വ്യക്തമല്ല.
കുത്തേറ്റ അനീസ് റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് നടന്നു വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ മാത്രമേ പോലീസിന് ലഭിച്ചിട്ടുള്ളൂ.
ഇന്നലെ പോലീസ് റെയിൽവേ സ്റ്റേഷൻ പരിസരത്തെയും നഗരത്തിലെ ചില സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അനീസ് പ്ലാറ്റ്ഫോമിൽ കുത്തേറ്റ് രക്തം വാർന്ന് കിടക്കുന്നത് കണ്ടത് റെയിൽവേ ക്ലീനിംഗ് ജീവനക്കാരാണ്.
അവരാണ് വിവരം റെയിൽവേ പോലീസിനെ അറിയിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ ക്ലീനിംഗ് സൂപ്പർവൈസറുടെ പരാതിയിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
പ്രതി മാഹീൻ സംസ്ഥാനം വിട്ടു പോകാനുള്ള സാധ്യത കുറവാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. ഇന്നലെ പോലീസ് സംഘം വെഞ്ഞാറമ്മൂടിലും പരിസരത്തും അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.