കൊല്ലം: പേരൂർ രഞ്ജിത്ത് ജോണ്സണ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. 2018 ഓഗസ്റ്റ് 15 നാണ് പേരൂർ സ്വദേശി രഞ്ജിത്തിനെ കാണാതായത്. മകനെ കാണാനില്ലെന്ന് കാണിച്ച് രഞ്ജിത്തിൻറെ അമ്മ ട്രീസ അഞ്ച് ദിവസങ്ങൾക്ക് ശേഷം കിളികൊല്ലൂർ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിനൊടുവിലാണ് കോടതി വിധി.
ജീവപര്യന്തത്തിനു പുറമേ കുറ്റക്കാർ രണ്ടുലക്ഷം രൂപ വീതം പിഴയൊടുക്കുകയും വേണം. നേരത്തെ, പ്രാഥമിക അന്വേഷണത്തിൽ രഞ്ജിത്തിനെ തട്ടിക്കൊണ്ട് പോയതാണെന്ന് മനസിലായിരുന്നു. ഒന്നാം പ്രതി മനോജിൻറെ ഭാര്യയെ ഒപ്പം താമസിപ്പിച്ചതിൻറെ വൈരാഗ്യം തീർക്കാൻ രഞ്ജിത്തിനെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്.
വീട്ടിൽ പ്രാവ് വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതികൾ രഞ്ജിത്തിനെ കാറിൽ തട്ടിക്കൊണ്ട് പോയി പരവൂർ, നെടുങ്ങോലം എന്നിവിടങ്ങളിൽ എത്തിച്ച് മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മൃതദേഹം തിരുനെൽവേലിക്ക് സമീപം സമുന്ദാപുരത്ത് എത്തിച്ച് ക്വാറി വേസ്റ്റുകൾക്കടിയിൽ കുഴിച്ചിട്ടു. ഫോണ് പിന്തുടർന്നുള്ള അന്വേഷമാണ് പ്രതികളെ കുടുക്കിയത്. തമിഴ്നാട്ടിൽ ഒളിവിൽ കഴിഞ്ഞ പ്രധാന പ്രതി ഉണ്ണിയെ ഷാഡോ സംഘമാണ് പിടികൂടിയത്.