കൊല്ലം :ജില്ലയിലെ പൊതുമരാമത്ത് റോഡ് വികസനത്തിനായി കഴിഞ്ഞ രണ്ടര വര്‍ഷത്തിനകം സംസ്ഥാന സര്‍ക്കാര്‍ 2529 കോടി രൂപ നല്‍കിയെന്ന് മന്ത്രി ജി. സുധാകരന് പറഞ്ഞു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വെറ്റമുക്ക്-തേവലക്കര-മൈനാഗപ്പള്ളി-ശാസ്താംകോട്ട-മണപ്പള്ളി-കാഞ്ഞിരത്തുംമൂട്-താമരക്കുളം റോഡ് പുനരുദ്ധാരണത്തിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രണ്ടു ജില്ലകളിലെ നാലു നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന റോഡാണിത്. ഇതേ മാതൃകയില്‍ 2020നകം എല്ലാ റോഡുകളുടേയും പുനരുദ്ധാരണം പൂര്‍ത്തിയാക്കും. ദേശീയപാത ഉന്നത നിലവാരത്തില്‍ പരിപാലിക്കുകയും ചെയ്യും.
വികസന പ്രവര്‍ത്തനത്തില്‍ കാലതാമസം അനുവദിക്കില്ല. കാലതാമസമുണ്ടാക്കുന്ന കരാറുകാരുടെ ലൈസന്‍സ് പുതുക്കിനല്‍കില്ല. ഏറ്റെടുത്ത പണികള്‍ പ്രളയബാധിതമായ നാടിന്റെ പുനരുദ്ധാരണത്തിന് വേണ്ടി ചെറിയ ലാഭത്തിന് പൂര്‍ത്തിയാക്കാന്‍ കരാറുകാര്‍ തയാറാകണമെന്നും മന്ത്രി പറഞ്ഞു.
എന്‍. വിജയന്‍പിള്ള എം എല്‍എ. അധ്യക്ഷനായി. എം. എല്‍. എ മാരായ കോവൂര്‍ കുഞ്ഞുമോന്, ആര്. രാജേഷ്, പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശാലിനി, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി പിള്ള, അംഗങ്ങളായ കെ. ജി. വിശ്വംഭരന്, എ. മുംതാസ്, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.