കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലെ ചർച്ചയിൽ രണ്ടാം പിണറായി സർക്കാരിന്റെ ഭരണത്തിന് വിമർശനം.
ഇന്ന് രാവിലെ ആരംഭിച്ച പ്രവർത്തന റിപ്പോർട്ടിലെ ചർച്ചകളിലാണ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിനെതിരേ വ്യാപക വിമർശനം പ്രതിനിധികൾ ഉന്നയിച്ചത്. പോലീസിനെ നിയന്ത്രിക്കാൻ ആഭ്യന്തരവകുപ്പിന് കഴിയുന്നില്ലെന്നും പാർട്ടി സഖാക്കൾ പോലും പോലീസിന്റെ ക്രൂരമർദനങ്ങൾക്ക് ഇരയാകുന്നുവെന്നും ചർച്ചയിൽ ഉയർന്നുവന്നു.
പോലീസിനുമേൽ സർക്കാരിന് നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നു. ഇതിന് ഉടൻ പരിഹാരം കാണണം. പോലീസിന്റെ അഴിഞ്ഞാട്ടം പാർട്ടി പ്രവർത്തകർ ഉൾപ്പെടെയുള്ള സാധാരണകാർക്കിടയിൽ സർക്കാരിന് മോശം പ്രതിച്ഛായ സൃഷ്ടിച്ചെന്നും പ്രതിനിധികൾ പറഞ്ഞു.
സിപിഎമ്മിന്റെ മധ്യകേരളത്തിൽനിന്നും തെക്കൻ കേരളത്തിൽനിന്നുമുള്ള പ്രതിനിധികളാണ് ആഭ്യന്തരവകുപ്പിനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ചത്.കുറ്റകൃത്യങ്ങളും ലഹരി വ്യാപനവും തടയുന്നതിൽ പോലീസ് പരാജയമാണ്. കേരളത്തിൽ അനുദിനം കുറ്റകൃത്യങ്ങൾ വർധിച്ചു കൊണ്ടിരിക്കുകയാണ്.
സർക്കാരിനെതിരേ പ്രതിപക്ഷം ആയുധമാക്കുന്നത് പോലീസിന്റെ ഈ വീഴ്ചകളാണ്. രണ്ടാം സർക്കാരിലെ ചില മന്ത്രിമാർ പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരുന്നിട്ടും മുഖ്യമന്ത്രിയുടേത് മികച്ച പ്രകടനമായിരുന്നുവെന്നും അനാവശ്യ വിവാദങ്ങൾക്കൊന്നും മറുപടി പറയാതെ ഭരണകാര്യത്തിൽ പിണറായി ശ്രദ്ധചെലുത്തിയെന്നും സംസ്ഥാന സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച “നവകേരത്തെ നയിക്കാൻ പുതുവഴികൾ’ എന്ന 41 പേജുള്ള റിപ്പോർട്ടിലേക്കാണ് ചർച്ചകൾ കേന്ദ്രീകരിക്കുന്നത്.
വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ പ്രത്യേക വിഭാഗങ്ങളിലാക്കി ഫീസ് ചുമത്തണം, വർധന വരുത്താത്ത മേഖലകളിൽ ഫീസോ നികുതിയോ വർധിപ്പിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ മേഖലയ്ക്ക് വിട്ടുനല്കുക തുടങ്ങിയ വിവാദ നിർദേശങ്ങൾ ഉൾപ്പെടുന്നതാണ് മുഖ്യമന്ത്രി അവതരിപ്പിച്ച രേഖ.
- റെനീഷ് മാത്യു