മുംബൈ: ഓച്ചറിയിൽനിന്നും തട്ടിക്കൊണ്ടുപോയ രാജസ്ഥാൻ സ്വദേശിയായ പെണ്‍കുട്ടിയെ മുംബൈയിൽനിന്നും കണ്ടെത്തി. മുഖ്യപ്രതി മുഹമ്മദ് റോഷനൊപ്പമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയുടെ ബന്ധുവിന്റെ വീട്ടിലായിരുന്നു ഇരുവരും ഉണ്ടായിരുന്നത്. മഹാരാഷ്ട്ര പോലീസിന്റെ സഹായത്തോടെയാണ് പെൺകുട്ടിയേയും മുഹമ്മദ് റോഷനേയും കണ്ടെത്തിയത്. വെള്ളിയാഴ്ചയോടെ പെൺകുട്ടിയേയും പ്രതിയേയും കേരളത്തിൽ എത്തിക്കും.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രതി മുഹമ്മദ് റോഷൻ തട്ടിക്കൊണ്ട് പോകുകയായിരുന്നെന്നാണ് കേസ്. പോലീസ് ആദ്യം രാജസ്ഥാനിലും ബംഗളൂരുവിലുമാണ് അന്വേഷണം നടത്തിയത്. പെൺകുട്ടിയുടെ ബന്ധുക്കൾ മുംബൈയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടേക്ക് അന്വേഷണ സംഘം എത്തിയത്.
പെൺകുട്ടിയെ കണ്ടെത്താത്തതിൽ കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ രൂക്ഷവിമർശമാണ് ഉയർത്തിയിരുന്നത്. പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടിയുടെ വീടിന് മുന്നില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ ബിന്ദു കൃഷ്ണ ഉപവാസസമരം നടത്തിയിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയ സംഘം പതിനഞ്ചു വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പിതാവിന്റെ പരാതി.ഓച്ചിറ സ്വദേശികളായ മുഹമ്മദ് റോഷനും മറ്റ് മൂന്നു സുഹൃത്തുക്കള്‍ക്കുമെതിരെയാണ് രാജസ്ഥാന് സ്വദേശികളായ കുടുംബം പരാതി നല്‍കിയത്.
അന്വേഷണമാരംഭിച്ച പോലീസ് ചൊവ്വാഴ്ച രാത്രി അനന്തു, വിപിന്‍ എന്നിവരെയും ബുധനാഴ്ച പ്യാരി എന്നയാളെയും പിടികൂടിയിരുന്നു. മുഹമ്മദ് റോഷൻ ഉൾപ്പെടെ നാലു പ്രതികള്‍ക്കുമെതിരെ പോക്സോ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.