സിനിമയിലെ നെഗറ്റീവ് കഥാപാത്രങ്ങള്‍ക്ക് ആരാധകര്‍ കുറവാണ്. എന്നാല്‍ പലപ്പോഴും സിനിമയില്‍ നായകനെ കവച്ചു വെയ്ക്കുന്ന പ്രകടനമായിരിക്കും വില്ലന്മാരുടേത്.
ചിലപ്പോഴൊക്കെ സിനിമ വിജയിക്കുന്നതു തന്നെ ശക്തനായ വില്ലന്റെ സാന്നിദ്ധ്യം കൊണ്ടായിരിക്കും.കുളപ്പള്ളി അപ്പന്, കീരിക്കാടന്‍ ജോസ്, ജോണ്‍ ഹോനായി, ദിഗംബരന്, മുണ്ടക്കല്‍ ശേഖരന്, അയ്യപ്പന്, മിര്‍സ ഖാന്, ഹൈദര്‍ മരക്കാര്‍ തുടങ്ങിയ നിരവധി കിടിലന്‍ വില്ലന്മാര് മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ട്.
ഇത്തരത്തില്‍ ഒരുപാട് വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് കൊല്ലം തുളസി.നടന് എന്നതിലുപരി മികച്ച എഴുത്തുകാരനും രാഷ്ട്രീയക്കാരനും ആണ് കൊല്ലം തുളസി.
ഒരുപാട് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. സിനിമയിലും സീരിയലിലും ആയി എണ്ണമറ്റ മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. നര്‍മ്മം കലര്‍ന്ന കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ രസിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
ഈയടുത്ത് അദ്ദേഹം ദിലീപുമായുള്ള ഒരു അനുഭവം പങ്കുവെക്കുകയുണ്ടായി…കാന്‍സര്‍ ബാധിതനായിരുന്ന സമയത്ത് ദിലീപ് ചെയ്ത സഹായത്തെക്കുറിച്ചാണ് കൊല്ലം തുളസി മനസ്സു തുറന്നത്.
തുളസിയുടെ വാക്കുകള്‍ ഇങ്ങനെ…ഞാന്‍ വയ്യാതെ കിടക്കുന്ന സമയത്ത് അദ്ദേഹം എന്നെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുമായിരുന്നു.
ഒരിക്കല്‍ അദ്ദേഹത്തിന്റെ പടത്തില്‍ ഒരു പഞ്ചായത്ത് പ്രസിഡണ്ട് വേഷമുണ്ട് എന്ന് എന്നെ വിളിച്ചു പറഞ്ഞു. നിങ്ങള്‍ക്ക് മാത്രമേ വേഷം നന്നായി ചേരുകയുള്ളൂ എന്ന് ദിലീപ് ഉറപ്പിച്ചു പറഞ്ഞു.
അങ്ങനെ സുഖമില്ലാത്ത എന്നെക്കൊണ്ട് അദ്ദേഹം അഭിനയിപ്പിച്ചു. അഭിനയം കഴിഞ്ഞതിനുശേഷം ഞാന്‍ പ്രതീക്ഷിച്ചതിനേക്കാളും കൂടുതല്‍ പണം ദിലീപ് തന്നു. ഞാന്‍ ചെയ്ത വേഷത്തിനുള്ള പണം ആയിരുന്നില്ല അത്. പിന്നീടാണ് കാര്യങ്ങളില്‍ എനിക്ക് വ്യക്തത വന്നത്.
ഞാന്‍ ആരുടെയും ഔദാര്യം പറ്റുകയില്ല എന്ന് ദിലീപിന് നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ഫ്രീ ആയി പണം തന്നാല്‍ ഞാന്‍ സ്വീകരിക്കുകയില്ല എന്ന് ദിലീപിന് വ്യക്തമാണ്.
അതുകൊണ്ടുതന്നെ എന്നെ പണംകൊണ്ട് സഹായിക്കാന്‍ വേണ്ടി ദിലീപ് കണ്ടെത്തിയ മാര്‍ഗ്ഗമാണ് ഈ അഭിനയം. ദിലീപ് നല്ല മനസ്സിന് ഉടമയാണ് എന്നും കൊല്ലം തുളസി കൂട്ടിച്ചേര്‍ത്തു.