കൊല്ലം: കടലിലെ അത്ഭുത കാഴ്ചകളുമായി ഓഷ്യാനസ് അണ്ടർ വാട്ടർ എക്സ്പോ 19മുതൽ കൊല്ലം ആശ്രാമം മൈതാനിയിൽ ആരംഭിക്കും. 150 അടി നീളത്തിൽ നീൽ എന്റർടൈൻമെന്റ്സ് നിർമിച്ച ഇന്ത്യയിലെ ആദ്യ മൊബൈൽ ടണൽ അക്വേറിയമാണ് എക്സ്പോയുടെ ആകർഷണമെന്ന് സംഘാടകരായ കെ.കെ.നിമിൽ, എസ്.പദ്മനാഭൻ, ഡി.സുനുരാജ്, അരുൺകുമാർ എന്നിവർ അറിയിച്ചു.
കടലിന്റെ അടിത്തട്ടിലെ അനേകയിനം മത്സ്യങ്ങളും സസ്യങ്ങളും മറ്റ് ജീവജാലങ്ങളും അടങ്ങുന്ന വിസ്മയ ലോകം ജിഐ സ്ട്രെക്ചറിൽ അക്രിലിക് ഗ്ലാസിൽ നിർമിച്ച തുരങ്കത്തിൽ പുനരാവിഷ്കരിക്കുന്ന രാജ്യത്തെ പ്രഥമ പ്രദർശനമാണിത്.
18 രാജ്യങ്ങളിൽ നിന്നുള്ള 16000 അലങ്കാര മത്സ്യങ്ങളും കടൽ ജീവികളും ടണൽ അക്വേറിയത്തിലുണ്ടാകും. കടലിനടിയിലൂടെ സഞ്തരിക്കുന്ന അനുഭവം പകരുന്ന രീതിയിലാണ് പ്രദർശനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
അരാപെയ്മ, ഷാർക്ക്, ചീങ്കണ്ണി രൂപത്തിലുള്ള അലികാറ്റർ, രാത്രി മനുഷ്യശബ്ദത്തിൽ കരയുന്ന റെഡ്കാറ്റ്, പിരാന, ഒക്ടോപസ്, തെരണ്ടി എന്നിവ അക്വേറിയത്തിലെ വിസ്മയ കാഴ്ചകളാകും. ഓരോ ജീവജാലങ്ങളെയും അതിന്റെ വിശദ വിവരങ്ങൾ പ്രതിപാദിച്ച് സമുദ്രവിജ്ഞാനം കാണികൾക്ക് പകരുന്ന രീതിയിലാണ് പ്രദർശനം ക്രമീകരിച്ചിട്ടുള്ളത്.
ഫൺ ഗെയിം, അമ്യൂസ്മെന്റ് പാർക്ക്, നാടൻ-വിദേശ ഫുഡ്കോർട്ട്, ഗാർഡൻ, പച്ചക്കറി നഴ്സറി എന്നിവയും അന്തർദേശീയ നിലവാരമുള്ള എക്സ്പോയുടെ ഭാഗമായി ഉണ്ടാകും. രാവിലെ 11മുതൽ രാത്രി ഒന്പതുവരെയാണ് പ്രദർശനം.