കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയുടെ ക്രമസമാധാനത്തിന് പുതിയ പോലീസ് സംഘമെത്തി. സ്ട്രൈക്കർ ഫോഴ്സ് എന്ന പേരിൽ പതിനാല് അംഗ സായുധ പോലീസ് സംഘവും രണ്ട് ഡ്രൈവർമാരും സ്ട്രൈക്കർ വാഹനവും അടങ്ങിയ സംഘത്തെയാണ് കരുനാഗപ്പള്ളി പോലീസ് ഡിവിഷനു വേണ്ടി അനുവദിച്ചിരിക്കുന്നത്.
അടിയന്തിര സാഹചര്യം നേരിടുന്നതിനുള്ള അത്യാവശ്യം ഉപകരണങ്ങളടക്കമുള്ള സംവിധാനങ്ങളും ഇതോടൊപ്പം അനുവദിച്ചിട്ടുണ്ട്. മൂന്ന് ഡയറക്ട് എസ് ഐമാരെയും ഇവിടേക്ക് നിയമിച്ചിട്ടുണ്ട്.
നിരവധി കേസുകളും റോഡപകടങ്ങളും ഉൾപ്പടെയുള്ളവ കൈകാര്യം ചെയ്യേണ്ടുന്ന കരുനാഗപ്പള്ളി സ്റ്റേഷൻ, ആവശ്യത്തിന് പോലീസുകാരില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. അറുപത്തിയാറ് പോലീസുകാരാണ് കരുനാഗപ്പള്ളി സ്റ്റേഷനിൽ ആകെ ഉള്ളത്. മാതാ അമൃതാനന്ദമയിമഠം പോലെയുള്ള സ്ഥലങ്ങളിലെ സെക്യൂരിറ്റി ഡ്യൂട്ടി, മണപ്പള്ളിയിലെ ഔട്ട് പോസ്റ്റ് ഡ്യൂട്ടി, ഗതാഗത നിയന്ത്രണം തുടങ്ങിയവ കഴിഞ്ഞാൽ പലപ്പോഴും മുപ്പതോളം പോലീസുകാരെ മാത്രമാണ് പലപ്പോഴും സ്റ്റേഷൻ ഡ്യൂട്ടിക്ക് ലഭിച്ചിരുന്നത്.
പുതുതായി കരുനാഗപ്പള്ളിയിൽ ചുമതലയേറ്റ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ബി വിനോദ് ഈ സാഹചര്യങ്ങൾ സർക്കാരിനെയും സിറ്റി പോലീസ് കമ്മീഷണറെയും ബോധ്യപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് അടിയന്തിരമായി കമ്മീഷണർ ഫോഴ്സിനെ അനുവദിച്ചിരിക്കുന്നത്.
നഗരത്തിൽ ഗതാഗത പരിഷ്കരണം ഉൾപ്പടെ നടപ്പാക്കാനിരിക്കെ പുതിയ പോലീസ് സംഘത്തെ ലഭിച്ചത് സ്റ്റേഷന്റെ പ്രവർത്തനത്തിന് ഏറെ സഹായകമാകും. സ്ട്രൈക്കിംഗ് ഫോഴ്സിന്റെ പ്രവർത്തനം ഫ്ലാഗ് ഓഫ് ചെയ്ത് സിറ്റി പോലീസ് കമ്മീഷണർ ഡോ.എസ് ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. എസിപി ബി വിനോദ് , സി ഐ ആർ രാജേഷ് കുമാർ, ചവറ എസ് എച്ച് ഒ ഇളങ്കോ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.