വിഴിഞ്ഞം: ദുരൂഹതകൾ ബാക്കിയാക്കി കരിംകുളം പുല്ലുവിള ചെമ്പകരാമൻതുറ പുരയിടത്തിൽ ജോസഫിന്റെ മക്കളായ ലിജോയും ജിതിനും യാത്രയായി.
കാർ അപകടത്തിൽ രണ്ട് കുരുന്നുകളും മരിച്ചെന്നവാർത്ത വിശ്വസിക്കാതെ നാട്ടുകാരും ബന്ധുക്കളും.
ശനിയാഴ്ച രാവിലെ തമിഴ്നാട്ടിലെ കൂടംകുളത്തിന് സമീപത്ത് വച്ച് നടന്ന കാർ അപകടത്തിലാണ് പതിനാല് വയസുകാരനായ ലിജോയും പത്ത് വയസുകാരനായ ജിതിനും മരണമടഞ്ഞതെന്ന് മാതാവ് ലില്ലിയുടെ വാദം.
എന്നാൽ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവായ ജോസഫും ബന്ധുക്കളും രംഗത്ത് വന്നതോടെ നാട്ടുകാരുടെ സംശയവും വർധിച്ചു.
കടൽപ്പണിക്കാരനായ ജോസഫിന്റെ ഭാര്യയായ ലില്ലി മൂന്ന് മക്കളായ ലിജോ ,റിജോ, ജിതിൻ എന്നിവരുമായി ആറ് മാസം മുൻപ് മറ്റൊരാളോടൊപ്പം തമിഴ്നാട്ടിലേക്ക് നാടുവിട്ടിരുന്നു.
ഇവരെ കണ്ടെത്തണമെന്ന പരാതി ജോസഫ് കാഞ്ഞിരംകുളം പോലീസിന് നൽകി.അന്വേഷണം നടക്കുന്നതിനിടയിൽ ശനിയാഴ്ച ഉച്ചക്ക് ജോസഫിനെ ഫോണിൽ ബന്ധപ്പെട്ട ലില്ലി മക്കളുടെ മരണവിവരം അറിയിക്കുകയായിരുന്നു.
വേളാങ്കണ്ണിക്കു പോയി മടങ്ങുന്നതിനിടയിൽ സഞ്ചരിച്ചിരുന്ന കാറിൽ ലോറിയിടിച്ചാണ് അപകടമെന്നും മൂത്ത മകനും ഇളയ മകനും മരിച്ചതായും പരിക്കേറ്റതാനും രണ്ടാമത്തെ മകനും ആശുപത്രിയിലാണെന്നുമായിരുന്നു സന്ദേശം.
രാവിലെ ഒന്പതിന് നടന്ന അപകടം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് നാട്ടിൽ അറിയിച്ചത്.
സംഭവമറിഞ്ഞ് പുല്ലുവിള വാർഡ് മെമ്പർ തദ്ദേവൂസ് ആന്റണിയും ജോസഫും മറ്റ് അഞ്ച് ബന്ധുക്കളുമായി കൂടംകുളത്തേക്ക് തിരിച്ചെങ്കിലും ലില്ലിയും മകനും യുവതിയുടെ സുഹൃത്തും കേരള രജിസ്ട്രേഷനുള്ള ഒരു ആംബുലൻസിൽ നാട്ടിലേക്ക് പോന്നിരുന്നു.
രാത്രി പത്തോടെ പുല്ലുവിളയിൽ ആംബുലൻസിൽ മകനോടൊപ്പം എത്തിയ ഇവർ കുഞ്ഞുങ്ങളുടെ മൃതദേഹം പോസ്റ്റ്മോർട്ടം കഴിഞ്ഞ് സംസ്കാരത്തിന് എത്തിക്കുന്നതുവരെ ഒളിവിൽ കഴിഞ്ഞതും സംശയം ബലപ്പെട്ടു.
കുട്ടികൾ ഉൾപ്പെടെയുള്ള ആറംഗ സംഘം സഞ്ചരിച്ചിരുന്ന മാരുതി കാറിൽ പച്ചക്കറി കയറ്റിവന്ന ഗുഡ്സ് ഓട്ടോ ഇടിച്ചായിരുന്നു അപകടം.
കാറിന്റെ വലതുവശത്തെ രണ്ട് ഡോറുകളും മുൻവശത്തും നേരിയ തകർച്ചയുണ്ടായെങ്കിലും രണ്ട് കുട്ടികൾക്കല്ലാതെ ഡ്രൈവർ ഉൾപ്പെടെ മറ്റാർക്കും പരിക്കുകളില്ലാത്തതുംകൂടുതൽ ദുരൂഹതക്ക് വഴിതെളിച്ചു.
കൂടെയുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരായപ്പോൾ തലയും മുഖവും തകർന്നായിരുന്നു കുട്ടികളുടെ മരണം.
സംഭവം കഴിഞ്ഞ് കുട്ടികളെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മറ്റിയശേഷം മാതാവ് ഉൾപ്പെടെ മറ്റുള്ളവർ നിമിഷങ്ങൾക്കുള്ളിൽ മുങ്ങിയതായി അപകടസ്ഥലത്തെ സമീപവാസികൾ അറിയിച്ചതായി പഞ്ചായത്ത് മെമ്പർ പറഞ്ഞു.
ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ പിതാവ് ജോസഫ് എത്തിയ ശേഷമാണ് കുട്ടികളുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചത്.
ദുരൂഹതയുള്ള വിവരം കൂടംകുളം പോലീസിൽ അറിയിച്ച ശേഷം മൃതദേഹവുമായി സംഘം പുല്ലുവിളയിലേക്ക് മടങ്ങുകയായിരുന്നു.
ഇന്നലെ ഉച്ചക്കുശേഷം സംസ്കാര ചടങ്ങിനായി മൃതദേഹങ്ങൾ ആംബുലൻസിൽ വീട്ടിൽ എത്തിക്കുന്നതിനിടയിലാണ് ലില്ലിയും രണ്ടാമത്തെ മകൻ റിജോയും എത്തിയത്.
ഇതോടെ ക്ഷുഭിതരായ നാട്ടുകാരുടെ പ്രകടനം നാടകീയ രംഗങ്ങൾക്ക് വഴിതെളിച്ചു.
ബന്ധുക്കളുടെ ചോദ്യങ്ങൾക്ക് മുപടി നൽകാതെ പരുഷമായി സംസാരിച്ച വീട്ടമ്മക്കെതിരെ ജനരോഷമുണ്ടായെങ്കിലും ബന്ധുക്കൾ ഇടപെട്ട് ശാന്തമാക്കി.
ലില്ലിയെയും കുഞ്ഞിനെയും നാട്ടിൽ ഇറക്കിവിട്ട ശേഷം വിഴിഞ്ഞം സ്വദേശിയായ ലില്ലിയുടെ സുഹൃത്ത് മുങ്ങിയതായും നാട്ടുകാർ പറയുന്നു.ദുരൂഹതയുടെ കെട്ടഴിക്കാൻ ഉന്നതർക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.