കൊല്ലം :കുണ്ടറയിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മക്കെതിരെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥിയും ഇഎംസിസി ഡയറക്ടറുമായ ഷിജു വർഗീസ് തനിക്കെതിരെ ആക്രമണശ്രമമുണ്ടായെന്നു കാട്ടി പോലീസ് സ്റ്റേഷനിലെത്തി പരാതിനൽകി.
കാറിലെത്തിയ ഒരു സംഘം തന്നെ ബോംബെറിഞ്ഞ് അപായപെടുത്താൻ ശ്രമിച്ചുവെന്നാണ് ഷിജു വർഗീസ് പറയുന്നത്.
കണ്ണന്നല്ലൂർ-കുരീപ്പള്ളി റോഡിൽ വെച്ചായിരുന്നു ആക്രമണം. ആരാണ് പിന്നിലെന്ന് അറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
ഷിജുവിന്റെ കാറിൽനിന്ന് ഒരു കന്നാസ് പെട്രോൾ കണ്ടെടുത്തുവെന്നു പറയുന്നെങ്കിലും നിജസ്ഥിതി അറിവായിട്ടില്ല. അതേസമയം, ആക്രമണ ശ്രമമുണ്ടായെന്ന വാദം പോലീസ് നിഷേധിച്ചു.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഷിജുവർഗീസ് നടത്തിയതെന്നാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറയുന്നത്. കാറിൽ ഇന്ധനവുമായി സ്ഥാനാർഥി വന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
വാഹനം കത്തിച്ചുകൊണ്ട് നാടകം നടത്താനുള്ള ശ്രമമായിരുന്നുവെന്നും മന്ത്രി ആരോപിച്ചു.
ഷിജുവർഗീസ് കണ്ണനല്ലൂർ പോലീസിന്റെ നിരീക്ഷണത്തിലാണ്. വണ്ടിക്കുള്ളിൽ സ്ഫോടനശബ്ദം കേട്ടതായി ഷിജു പോലീസിനോട് പറഞ്ഞു.
ഇതിനെതുടർന്നാണ് ഷിജു പോലീസ് സ്റ്റേഷനിലെത്തിയത്. ഇയാൾ ആത്മഹത്യാശ്രമം നടത്തിയതാണോയെന്നും പോലീസ് പരിശോധിക്കുന്നു.
തന്റെ പദ്ധതിയുടെ നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താനാണ് താൻ മേഴ്സിക്കുട്ടിയമ്മക്കെതിരെ മത്സരിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തനിക്ക് ആത്മഹത്യ ചെയ്യണമെങ്കിൽ അമേരിക്കയിൽനിന്ന് ഇവിടെ വരേണ്ടതില്ലായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
താൻ ഗൂഡാലോചന നടത്തിയിട്ടില്ലെന്നും ആരാണ് നടത്തുന്നതെന്ന് ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.