സ്വന്തംലേഖകന്‍
കോഴിക്കോട്: മാരകമയക്കുമരുന്നുകളും ലഹരി വില്പനയും നടത്തുന്ന ലഹരി സംഘത്തെ വിറപ്പിച്ച അസി.കമ്മീഷണര്ക്കെതിരേയുള്ള ഭീഷണികത്തിന്റെ ഉറവിടം കണ്ടെത്തിയില്ല !
കുടുംബാംഗങ്ങളെ വരെ വകവരുത്തുമെന്ന ഭീഷണി മുഴക്കിയുള്ള കത്ത് ആര്, എവിടെ നിന്നയച്ചുവെന്നതില് കൃത്യമായ വിവരം പോലീസിന് ലഭിച്ചിട്ടില്ല.
സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ഭീഷണിക്കത്തയച്ച സംഭവത്തില്‍ പോലീസ് കേസെടുക്കുക പോലും ചെയ്തിട്ടില്ല. അതേസമയം നഗര മാവോയിസ്റ്റുകളാണ് പിന്നിലുള്ളതെന്ന സംശയമാണിപ്പോഴുമുള്ളത്.
കഴിഞ്ഞാഴ്ചയാണ് കോഴിക്കോട് മെഡിക്കല്‍കോളജ് അസി.കമ്മീഷണര്‍ കെ.സുദര്‍ശന്റെ പേരില്‍ ഭീഷണിക്കത്ത് എത്തിയത്.
അടിയന്തരാവസ്ഥ കാലത്ത് കാണാതായ രാജന്റെയും അടുത്തിടെ മരിച്ച സ്റ്റാന്സാമിയുടേയും ഇടത് സര്‍ക്കാരിന്റെ കാലത്ത് കസ്റ്റഡിയില്‍ മരിച്ചവരുടേയും ഫോട്ടോ സഹിതം എഴുതിയ ‘കൊലക്കയറെടുക്കുന്ന നിയമപാലകര്‍’ എന്ന ലേഖനത്തിന്റെ ഭാഗവും ഉള്‍പ്പെടുത്തിയാണ് ഭീഷണിക്കത്ത്.
അശ്ലീല പദപ്രയോഗങ്ങളോടു കൂടി എഴുതിയ രണ്ടു പേജും ഒപ്പമുണ്ട്. പ്രസിദ്ദീകരണത്തിന്റെ പേര് ഒഴിവാക്കിയായിരുന്നു അയച്ചത്.
കോവിഡ് സമയത്ത് ആശുപത്രി പരിസരത്തോ രോഗികളെ സംരക്ഷിക്കാനോ എസിപിയുടെ വാഹനം കാണുന്നില്ലെന്നും മെഡിക്കല്‍കോളജ് പോലീസിന്റെ നരനായാട്ട് അവസാനിപ്പിക്കണമെന്നുമാണ് കത്തിലുള്ളത്.
അല്ലെങ്കില്‍ ഭാര്യയ്ക്കും മക്കള്‍ക്കും മര്യാദയ്ക്ക് രാത്രിയില്‍ പോലീസ് ക്വാട്ടേഴ്സില്‍ ഉറങ്ങുവാന്‍ സമ്മതിക്കില്ല.
ഭാര്യ താമസിക്കുന്ന വാസസ്ഥലം കണ്ടുപിടിച്ച് ആക്രമിക്കുമെന്നും കുടുംബാംഗങ്ങളെ കൈകാലുകള്‍ ഒടിക്കുമെന്നും കത്തിലുണ്ട്.
ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നാടായ തിരൂര്‍ പൊന്നാനിയിലെത്തി ആക്രമിക്കുമെന്നും പരാമര്‍ശിച്ചിട്ടുണ്ട്.
28 വര്‍ഷം മുമ്പ് മുക്കം പോലീസ് മെഡിക്കല്‍കോളജ് പോലീസിന്റെ അകമ്പടിയോടെ ആര്‍ഇസി പരിസരത്ത് വച്ച് അറസ്റ്റ് ചെയ്ത എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥി രാജന്റെ ശവശരീവം എവിടെ ?
രാജന്റെ ഉരുട്ടിക്കൊല സിബിഐ അന്വേഷിക്കണമെന്ന് 2020-21 ല്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു. പുലിക്കോടാന് നാരായണന്, ജയറാംപടിക്കല്‍, ലക്ഷ്മണ എന്നിവരെ ശിക്ഷിക്കണമെന്നും അല്ലെങ്കില്‍ ഇവര്‍ക്കൊപ്പം എസിപി സുദര്‍ശനെ തൂക്കികൊല്ലണമെന്നും കത്തിലുണ്ട്.