കൊല്ലം: രണ്ടര പതിറ്റാണ്ടിന് ശേഷമുള്ള കൊല്ലം നഗരത്തെ ലക്ഷ്യമാക്കി നഗരത്തിന്റെയും നഗരവാസികളുടെയും വികസന സ്വപ്നങങള്‍ സാക്ഷാത്കരിക്കുന്നതിന് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ മിഷന്‍ കൊല്ലം എന്ന പേരില്‍ പദ്ധതി തയാറാക്കുന്നു. ജനങ്ങളുടെ കൂട്ടായ്മയ്ക്കും അഭിപ്രായങ്ങള്‍ക്കും പ്രാമുഖ്യം നല്‍കിയായിരിക്കും പദ്ധതികള്‍ തയാറാക്കുക. കാല്‍ നൂറ്റാണ്ടിലേക്കുള്ള മിഷന്‍ തയാറാക്കുകയും അതില്‍ അടുത്ത നാല് വര്‍ഷത്തേക്ക് ചെയ്യാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മേയര്‍ വി.രാജേന്ദ്രബാബുവും ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസും അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ നവകേരള മിഷനുമായി യോജിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് പദ്ധതിയില്‍ ഉദ്ദേശിക്കുന്നത്. കോര്‍പ്പറേഷന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മോണിറ്റര്‍ ചെയ്യുന്നതിനും മേയര്‍ ചെയര്‍മാനും ഡോ.ശ്രീകുമാര്‍ വൈസ് ചെയര്‍മാനും സെക്രട്ടറി കണ്‍വീനറുമായി ആസൂത്രണ സമിതി രൂപീകരിച്ച് നേതൃത്വം നല്‍കും. ഈ ആസൂത്രണ സമിതിയില്‍ കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരെയും വിവിധ തലങ്ങളില്‍ നിന്നുള്ള സാങ്കേതിക പ്രവര്‍ത്തകരെയും സന്നദ്ധ പ്രവര്‍ത്തകരെയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
മിഷന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വികസന പ്രവര്‍ത്തനങ്ങളെ 22 മേഖലകളായി തിരിച്ചിട്ടുണ്ട്. കൃഷി, മൃഗസംരക്ഷണം, മാലിന്യ സംസ്‌കരണം, സമ്പൂര്‍ണ ഭവനം, നഗര സൗന്ദര്യ വത്ക്കരണം, കുടിവെള്ളം, മത്സ്യബന്ധനം, വിദ്യാഭ്യാസം, കലാകായികം, ട്രാഫിക് പരിഷ്‌കാരം, ടൂറിസം, നഗരലികസനം, ഇ–ഗവേണന്‍സ്, യുവജനക്ഷേമം, പരിസ്ഥിതി, വ്യവസായം, പ്രാദേശിക സാമ്പത്തിക വികസനം, സഹകരണം, ക്ഷീരവികസനം, സാമൂഹിക നീതി, വൈദ്യുതി, വനിത ശിശുവികസനം, ആരോഗ്യം പട്ടികജാതി വികസനം എന്നിവയാണ് വിവിധ വികസന മേഖലകള്‍.
ഈ മേഖലകളില്‍ അടുത്ത രണ്ട് ദിവസത്തേയ്ക്ക് വിദ്യാഭ്യാസം, സദ്ഭരണം, ട്രാഫിക് പരിഷ്‌കരണം, ടൂറിസം എന്നിവയെ തെരഞ്ഞെടുത്ത് ജനങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കും.ജനങ്ങളില്‍ നിന്ന് ക്രോഡീകരിക്കുന്ന നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പരിഗണിച്ച് വികസന സെമിനാര്‍ നടത്തുന്നതിനും അടുത്ത നാല് വര്‍ഷത്തേക്കുള്ള വികസന പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയാറാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്.
കോര്‍പ്പറേഷന്‍ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിന് ഉതകുന്ന പദ്ധതികളും നിര്‍ദേശങ്ങളുമാണ് ക്ഷണിക്കുന്നത്.കോര്‍പ്പറേഷനില്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ സുതാര്യവും അഴിമതി രഹിതമാക്കുന്നതിനും നിര്‍ദേശങ്ങള്‍ നല്‍കാം. വര്‍ധിച്ച് വരുന്ന വാഹനത്തിരക്കും അപകടങ്ങളും ഒഴിവാക്കുന്നതിനും മെച്ചപ്പെട്ട ട്രാഫിക് സംവിധാനം ഒരുക്കുന്നതിനും പദയാത്ര സൗഹൃദകരമാക്കുന്നതിനുമുള്ള നിര്‍ദേശങ്ങളും സമര്‍പ്പിക്കാം.
കടലും കായലും ചരിത്രവും പേറി നില്‍ക്കുന്ന കൊല്ലം നഗരത്തെ ടൂറിസ്റ്റ് കേന്ദ്രമാക്കുന്നതിനും നിലവിലുള്ള ടൂറിസം പദ്ധതികളെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം.നിര്‍ദേശങ്ങള്‍ മെയില്‍ ഐഡിയിലോ ഫെയ്‌സ് ബുക്ക് പേജിലോ ബ്ലോഗിലോ നേരിട്ട് കോര്‍പ്പറേഷന്‍ ഓഫീസിലോ നല്‍കാം. ഇമെയില്‍: keralamissionklm* gmail.com, ഫേസ്ബുക്ക്: www.facebook/mission, Blog: www..missionkollam.blogspot.in
കൊല്ലം മിഷന്റെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക ലോഗോയും തയാറാക്കിയിട്ടുണ്ട്. അസ്ത്ര ആകൃതിയിലുള്ള ലോഗോയുടെ മുകള്‍ഭാഗം പുരോഗതിയിലേക്കുള്ള ചുവടുവയ്പ്പിനെ ലക്ഷ്യമാക്കുന്നു.അതിന്റെ ചിറകുകള്‍ പോലുള്ള ഭാഗങ്ങളില്‍ കടല്‍ അതിരിടുന്ന കൊല്ലം നഗരത്തിന്റെ ചരിത്രപ്രാധാന്യത്തിന്റെയും ഹരിതഭംഗിയുടെയും സൂചകങ്ങളായ നിറങ്ങള്‍ നല്‍കിയിരിക്കുന്നു. വളര്‍ന്നുവരുന്ന നഗരത്തെ ചിത്രണം ചെയ്ത ഈഭാഗം ഹരിതവും നീലയുമാണ്.
മുകളിലേയ്ക്കുള്ള ഭാഗത്ത് ആകാശനിറത്തിന്റെ പശ്ചാത്തലത്തില്‍ പടര്‍ന്ന് പന്തലിച്ച മരം ചിത്രീകരിച്ചിരിക്കുന്നു. പ്രകൃതിയിലേയ്ക്ക് മടങ്ങിയും ആകാസം പോലെ അതിരുകള്‍ ഇല്ലാത്തതുമായ വികസന പ്രവര്‍ത്തനങ്ങളാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാക്കുന്നു. വശത്തായി കൊല്ലം മിഷന്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. കൊല്ലത്തിന്റെ ഇന്നിന്റെയും ഇന്നലെകളുടെയും ചരിത്രം സാക്ഷ്യപ്പെടുത്തുന്ന കശുവണ്ടിയെ സുവര്‍ണ വര്‍ണത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. അതിന് താഴെയായി കൊല്ലം കോര്‍പ്പറേഷന്‍ എന്ന ലിഖിതവും.