കൊല്ലം: കൊല്ലത്ത് നവജാത ശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിച്ച് കൊന്ന രേഷ്മയോട് കാമുകനെന്ന പേരിൽ ഫേസ്ബുക്ക് ചാറ്റ് നടത്തിയിരുന്നത് ജീവനൊടുക്കിയ യുവതികളെന്ന് പോലീസ്.
രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മയുമാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കി കാമുകനെന്ന പേരില്‍ രേഷ്മയെ കബളിപ്പിച്ചത്.
അനന്തു എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയായിരുന്നു യുവതികളുടെ ചാറ്റിംഗ്. ഈ അക്കൗണ്ടിൽ നിന്ന് രേഷ്മയ്ക്ക് കോളുകളൊന്നും വന്നിരുന്നില്ല. ചാറ്റിംഗിലൂടെ രേഷ്മയെ കബളിപ്പിക്കാനായിരുന്നു ഇരുവരുടേയും ശ്രമം.
രേഷ്മ ഗർഭിണിയാണെന്ന് മനസിലാക്കി കുഞ്ഞിനെ ഉപേക്ഷിക്കാൻ പറഞ്ഞത് യുവതികളാണെന്നാണ് പോലീസ് കണ്ടെത്തൽ.
രേഷ്മയെ കബളിപ്പിക്കുന്ന വിവരം ഗ്രീഷ്മ മറ്റൊരു സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. ഈ സുഹൃത്താണ് പോലീസിന് വിവരങ്ങൾ കൈമാറിയത്.
കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ രേഷ്മ അറസ്റ്റിലായതിന് പിന്നാലെ ആര്യയെയും ഗ്രീഷ്മയെയും ചോദ്യംചെയ്യാൻ പോലീസ് വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവരെയും ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.